57 ബംഗ്ലാദേശികളെ നാടുകടത്തി: സുപ്രീംകോടതിയിൽ കേരളത്തിെൻറ സത്യവാങ്മൂലം
text_fieldsന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രേഖകളില്ലാതെ താമസിച്ച 70 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അതിൽ 57 പേരെ നാടുകടത്തുകയും ചെയ്തതായി സുപ്രീംകോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം.
അനധികൃതമായി കേരളത്തിൽ താമസിക്കുന്ന വിദേശികളെ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യൻ അഭയാർഥികളോ അതിർത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം ബോധിപ്പിച്ചു.
ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാെര കണ്ടെത്തി നാടുകടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നൽകിയത്.
അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തിൽ അഞ്ചു വർഷമായി ബംഗ്ലാദേശ് അഭയാർഥികളുടെയോ രോഹിങ്ക്യകളുടെയോ പേരിൽ കേസുകളൊന്നുമില്ല. 2011 ജനുവരി ഒന്നുമുതൽ നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരം രൂപവത്കരിച്ച സമിതി പ്രവർത്തിക്കുന്നത്.
കേരളത്തിൽ രണ്ട് നവജാത ശിശുക്കളടക്കം രണ്ട് കുടുംബങ്ങളിലായി ആകെ 12 രോഹിങ്ക്യൻ അഭയാർഥികളുണ്ട്. െഎക്യരാഷ്ട്ര സഭയുടെ യു.എൻ.സി.എച്ച്.ആർ കാർഡുകളുള്ള അവർ വയനാട്ടിലെ മുട്ടിൽ വയനാട് മുസ്ലിം യതീംഖാനക്ക് കീഴിൽ നിയമപരമായാണ് താമസിക്കുന്നത്. ഒരു കുടുംബത്തിെൻറ യു.എൻ തിരിച്ചറിയൽ കാർഡ് പുതുക്കിയിട്ടുണ്ടെങ്കിലും ചെന്നൈയിൽ പോകാനുള്ള സാമ്പത്തിക പ്രയാസം മൂലം രണ്ടാമത്തെ കുടുംബത്തിെൻറ കാർഡ് പുതുക്കിയിട്ടില്ല. അവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ വയനാട് ജില്ല പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. െഎ.എസ് ബന്ധമോ ദേശവിരുദ്ധ പ്രവർത്തനമോ കേരളത്തിലെ ഒരു രോഹിങ്ക്യൻ അഭയാർഥികളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരളത്തിലെ കുടിയേറ്റക്കാരിൽ കൂടുതലും പശ്ചിമ ബംഗാൾ, അസം, ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലുള്ളവരാണ്. ഉത്തരേന്ത്യൻ തൊഴിലാളികളെന്ന് നടിച്ചുള്ള നുഴഞ്ഞുകയറ്റം തടയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേരളം ബോധിപ്പിച്ചു.
കർണാടക സർക്കാർ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബംഗളൂരുവിലെ രോഹിങ്ക്യൻ അഭയാർഥികളെ അടിയന്തരമായി പുറത്താക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.