മുംബൈ ചേരികളിലെ 57 ശതമാനം പേർക്കും കോവിഡ് വന്നുപോയി; ആർജിത പ്രതിരോധശക്തിയെന്ന് വിദഗ്ധർ
text_fields
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് അതിവ്യാപനമുണ്ടായ മുംബൈയിലെ ചേരി നിവാസികളിൽ 57 ശതമാനം പേർക്കും കോവിഡ് ബാധിച്ചിരുന്നുവെന്ന കണ്ടെത്തലിൽ കൂടുതൽ പഠനം നടത്താനൊരുങ്ങി ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ. ജൂലൈയിൽ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ സീറോളജിക്കൽ സർവേയിൽ ഭൂരിഭാഗം പേരിലും കോവിഡ് 19 വന്നുപോയതായി കണ്ടെത്തിയിരുന്നു. ചേരികളിലെ താമസക്കാരിൽ വൈറസിനെതിരായ ആർജിത പ്രതിരോധശക്തി (ഹേർഡ് ഇമ്മ്യൂണിറ്റി) ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ രണ്ടാം ഘട്ട സിറോ പ്രിവലെൻസ് സർവേ നടത്താനൊരുങ്ങുകയാണ് ബി.എം.സി.
ജൂലൈയിൽ നടത്തിയ ആദ്യ സർവേയുടെ ഭാഗമായി ചേരികളിലുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ സർവേയിൽ 57 ശതമാനം പേരുടെ രക്തത്തിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രോഗബാധ ഉണ്ടായിരുന്നവരിലാണ് സാധരണ ആൻറിബോഡികൾ വികസിക്കുക.
രണ്ടാമത്തെ സർവേയിൽ, ആദ്യ സർവേയുടെ ഭാഗമായ അതേ വ്യക്തികളുടെ സാമ്പിളുകളാണ് പരിശോധിക്കുക. ഇവരിൽ ആൻറിബോഡികളുടെ സാന്നിധ്യം കുറയുകയോ വർദ്ധിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് വിദഗ്ധർ പരിശോധിക്കും.
കോവിഡ് പോലുള്ള പകർച്ചവ്യാധിയിൽ വാക്സിനുകൾക്ക് പുറമെ ജനസംഖ്യയിലെ വലിയൊരു വിഭാഗതതിന് ആർജിത പ്രതിരോധശക്തി ഉണ്ടായാൽ മാത്രമേ വ്യാപനം തടയാൻ കഴിയൂയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുംബൈയിലെ ചേരിനിവാസികൾ ആർജിത പ്രതിരോധശേഷി നേടിയിരിക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയുടെ ശാസ്ത്ര ഉപദേശക സമിതി ചെയർമാൻ ജയപ്രകാശ് മുലിയൽ പറഞ്ഞു.
ഇന്ത്യ പോലെ ജനസംഖ്യയും വിസ്തൃതിയുമുള്ള ഒരു രാജ്യത്ത്, ആർജിത പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കുകയെന്നത് ശ്രമകരമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഏഴുശതമാനത്തോളം മുംബൈയിൽ നിന്നാണുള്ളതാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ മാത്രം 1,132 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇേതാടെ നഗരത്തിലെ കോവിഡ്ബാധിതരുടെ എണ്ണം 126,356 ആയി. കഴിഞ്ഞ ദിസവം 50 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് മരണസംഖ്യ 6,943 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.