മണിപ്പൂർ കലാപത്തിൽ 11,133 വീടുകൾ അഗ്നിക്കിരയായി; 59,564 പേരെ മാറ്റിപ്പാർപ്പിച്ചു - മുഖ്യമന്ത്രി ബിരേൻ സിങ്
text_fieldsഇംഫാൽ: കഴിഞ്ഞ മേയിൽ ആരംഭിച്ച മണിപ്പൂർ വംശീയ കലാപത്തിൽ 59,564 പേരെ മാറ്റിപ്പാർപ്പിച്ചതായും 11,133 വീടുകൾ അഗ്നിക്കിരയായതായും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് സംസ്ഥാന നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എം.എൽ.എ കെ രഞ്ജിത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് സിങ് ഇതു സംബന്ധിച്ച കണക്കുകൾ സഭയെ അറിയിച്ചത്.
‘ഒരു കുടുംബം ഒരു ലക്ഷം’ പദ്ധതിയിൽ 2,792 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡുവായി 25,000 രൂപ അടച്ചതായും സിങ് പറഞ്ഞു. കാങ്‌പോക്‌പി ജില്ലയിലെ 2,156 ബാങ്ക് അക്കൗണ്ടുകളിലേക്കും ബിഷ്‌ണുപൂർ ജില്ലയിലെ 512 അക്കൗണ്ടുകളിലേക്കും തുക അയച്ചിട്ടുണ്ടെന്നും ബാക്കി തുക ഉടൻ അയക്കുമെന്നും സിങ് അറിയിച്ചു. തീപിടിത്തത്തിൽ വീടുകൾ പൂർണമായും കത്തിനശിച്ചവർക്ക് തുക ആദ്യം നൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം കാരണം ചിലർക്ക് തുക അനുവദിക്കുന്നതിൽ കാലതാമസമുണ്ടായതായും സിങ് പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള ഗോത്രവിഭാഗമായ മെയ്തികളും സമീപസ്ഥ കുന്നുകൾ കേന്ദ്രീകരിച്ചുള്ള ഗോത്ര വിഭാഗമായ കുക്കികൾക്കുമിടയിൽ നടന്ന വംശീയ ആക്രമണത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.