പാർലമെന്‍റിലെ അതിക്രമം; അഞ്ച് പേർ അറസ്റ്റിൽ, ഒരാൾക്കായി തെരച്ചിൽ
text_fieldsന്യൂഡൽഹി: സന്ദർശക പാസിലെത്തി ലോക്സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വിക്കി ശർമ എന്നയാളാണ് ഗുരുഗ്രാമിൽ അറസ്റ്റിലായത്. നേരത്തെ നാലുപേർ അറസ്റ്റിലായിരുന്നു. സംഭവത്തിൽ ആറ് പേർക്ക് പങ്കുണ്ടെന്നാണ് വിവരം. ഒരാൾക്കായി അന്വേഷണം തുടരുകയാണ്.
സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവരാണ് ലോക്സഭ സന്ദർശക ഗാലറിയിൽ നിന്നും നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളർ പുക പരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു ഇത്. ഇതേസമയം തന്നെ പാർലമെന്‍റിന് പുറത്തും സമാനമായ രീതിയിൽ കളർ പുക പരത്തുന്ന കാനിസ്റ്റർ കൈയിലേന്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നീലം ദേവി, അമേൽ ഷിൻഡെ എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചാമത്തെയാളുടെ പേര് ലളിത് ഝാ എന്നാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ഗുരുഗ്രാമിലെ വീട്ടിൽ ആറ് പേരും ഒരുമിച്ച് താമസിച്ചതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പാർലമെന്‍റിൽ അരങ്ങേറിയ സംഭവങ്ങൾ വ്യക്തമായി ആസൂത്രണം ചെയ്താണെന്നും പൊലീസ് പറയുന്നു.
യു.പി സ്വദേശിയാണ് സാഗർ ശർമ. മൈസൂരു സ്വദേശിയാണ് 35കാരനായ മനോരഞ്ജൻ. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ഇയാൾ. അമോൽ ഷിൻഡെ മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശിയും നീലം ദേവി ഹരിയാനയിലെ ഹിസാർ സ്വദേശിനിയുമാണ്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യംചെയ്യുകയാണ്.
മൈസൂരുവിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിൻഹയുടെ ഓഫിസിൽ നിന്നുള്ള സന്ദർശക പാസ്സ് ഉപയോഗിച്ചാണ് മനോരഞ്ജനും സാഗർ ശർമയും ലോക്സഭ ഗാലറിയിലെത്തിയത്. തന്‍റെ ഓഫിസിൽ നിന്നുള്ള പാസ്സ് ഇവർക്ക് അനുവദിച്ചത് സംബന്ധിച്ച് സ്പീക്കർ ഓം ബിർളയോട് വിശദീകരിക്കുമെന്ന് പ്രതാപ് സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.