ഒരു റാങ്ക്, ഒരു പെൻഷൻ കുടിശ്ശിക ഏപ്രിൽ 30നുള്ളിൽ കൊടുത്തു തീർക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിമുക്തഭടന്മാർക്ക് ‘ഒരു റാങ്ക്, ഒരു പെൻഷൻ’ പ്രകാരമുള്ള കുടിശ്ശിക നൽകാൻ കഴിഞ്ഞ വർഷം ഉത്തരവിട്ട വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി. 2019-2022 കാലയളവിലുള്ള 28,000 കോടി രൂപ 2024 ഫെബ്രുവരി 28നകം നൽകണമെന്നും കോടതി നിർദേശിച്ചു. വിവിധ ഗ്രൂപ്പുകളിലുള്ളവർക്ക് പെൻഷൻ കുടിശ്ശിക നൽകാൻ കോടതി സമയക്രമവും നിശ്ചയിച്ചു.
ഒരു റാങ്ക്, ഒരു പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച മുദ്രവെച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചു. 25 ലക്ഷം പെൻഷൻകാരിൽ നാലുലക്ഷം പേർ ഉയർന്ന പെൻഷൻ വാങ്ങുന്നതിനാൽ ഇവർ ഒരു റാങ്ക്, ഒരു പെൻഷനിൽ വരില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ആറുലക്ഷം കുടുംബ പെൻഷൻകാർക്കും ഗാലൻട്രി അവാർഡ് ജേതാക്കൾക്കുമുള്ള പെൻഷൻ കുടിശ്ശിക 2023 ഏപ്രിൽ 30നകം നൽകണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. നാലുമുതൽ അഞ്ചുലക്ഷം വരെയുള്ള, റിട്ടയർചെയ്ത 70 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ജൂൺ 30നകം ഒന്നോ അതിലധികമോ ഗഡുക്കളായി നൽകണം. 10 മുതൽ 11 ലക്ഷം വരെയുള്ള അവശേഷിക്കുന്ന പെൻഷൻകാർക്ക് മൂന്നു തുല്യ ഗഡുക്കളായി 2024 ഫെബ്രുവരി 28നകം നൽകണം.
സുപ്രീംകോടതിയിൽ മുദ്രവെച്ച കവർ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കിയ ബെഞ്ച് ഇത് ന്യായമായ നീതി എന്ന അടിസ്ഥാന നടപടിക്രമത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറിന് വ്യക്തിപരമായി താൻ എതിരാണെന്നും കോടതിയിൽ സുതാര്യത വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഇതൊക്കെ ഉത്തരവുകളാണെന്നും മറ്റെന്ത് രഹസ്യമാണ് ഇതിലുള്ളതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഒരു റാങ്ക്, ഒരു പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ് സർവിസ് മെൻ മൂവ്മെന്റ്സിന്റെ (ഐ.ഇ.എസ്.എം) ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. കുടിശ്ശിക ഏകപക്ഷീയമായി നാലു ഗഡുക്കളായി നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മാർച്ച് 13ന് സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്ന നിർദേശം ലംഘിച്ച് നാലു ഗഡുക്കളായി വിതരണം ചെയ്യുമെന്നറിയിച്ച് ഇറക്കിയ നോട്ടീസ് പിൻവലിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി, മന്ത്രാലയത്തിന് സ്വന്തമായി നിയമങ്ങളുണ്ടാക്കാനാകില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കുടിശ്ശികയുടെ ഒരു ഗഡു നൽകിയിരുന്നുവെന്നും ശേഷിക്കുന്നവ നൽകാൻ സമയം വേണമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണ പറഞ്ഞപ്പോൾ, ആദ്യം ഗഡുക്കളായി നൽകുമെന്ന നോട്ടീസ് പിൻവലിക്കാനും സമയം നൽകുന്ന കാര്യം എന്നിട്ട് ആലോചിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.