സുപ്രീംകോടതി ജഡ്ജിമാർ മണിപ്പൂരിലേക്ക്; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
text_fieldsന്യൂഡൽഹി: വംശീയ കലാപത്തെ തുടർന്ന് രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം സന്ദർശിക്കുമെന്ന് ദേശീയ നിയമ സേവന അതോറിറ്റി (നൽസ) അറിയിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം മാർച്ച് 22 നായിരിക്കും സന്ദർശനം നടത്തുക.
കലാപത്തെ തുടർന്ന് അരക്ഷിതാവസ്ഥയിലായ ജനതക്ക് നിയമപരവും മാനുഷികവുമായ പിന്തുണ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 200ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മണിപ്പൂർ ഹൈകോടതിയുടെ ദ്വിദശാബ്ദ ആഘോഷ വേളയിലായിരിക്കും ജഡ്ജിമാർ ക്യാമ്പുകൾ സന്ദർശിക്കുക. സന്ദർശന വേളയിൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ഉഖ്രുൽ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകളും നിയമ സഹായ ക്ലിനിക്കുകളും ജസ്റ്റിസ് ഗവായ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുമായി സഹകരിച്ച് നൽസ ക്യാമ്പുകളിൽ ദുരിതാശ്വാസ വസ്തുക്കളും വിതരണം ചെയ്യും. അതേസമയം, മണിപ്പൂരിൽ സാധാരണ നില കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.
മണിപ്പൂർ ഉപധനാഭ്യർഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു നിർമല. കുറ്റപ്പെടുത്തലുകൾക്ക് പകരം പകരം മണിപ്പൂരിലെ സമാധാനത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് വേണ്ടത്. 1993ൽ കേന്ദ്രവും മണിപ്പൂരും കോൺഗ്രസ് ഭരിക്കുമ്പോൾ നാഗകളും കുക്കികളും തമ്മിലുള്ള കലാപത്തിൽ 750 പേരുടെ മരിക്കുകയും 350 ഗ്രാമങ്ങൾ അഗ്നിക്കിരയാക്കുകയും ചെയതിരുന്നു. അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവും ആഭ്യന്തരമന്ത്രി ശങ്കർറാവു ചവാനും സംസ്ഥാനം സന്ദർശിച്ചില്ലെന്നും മോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ലെന്ന ആരോപണത്തിന് മറുപടിയായി നിർമല പറഞ്ഞു. മണിപ്പൂരിലെ അക്രമം സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.