പ്ലക്കാഡേന്തിയ ആറ് തൃണമൂൽ എം.പിമാർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ വർഷകാല സമ്മേളനം തുടർച്ചയായി സ്തംഭിപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം തുടർന്ന ബുധനാഴ്ച, രാജ്യസഭ ആറ് തൃണമൂൽ കോൺഗ്രസ് അംഗങ്ങളെ സഭയിൽനിന്ന് ഒരുദിവസത്തേക്ക് പുറത്താക്കി.
രാവിലെ സഭ തുടങ്ങിയപ്പോൾ പതിവുപോലെ പ്ലക്കാഡുമേന്തി മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലേക്ക് വന്ന ഡോല സെൻ, നദീമുൽ ഹഖ്, അബിർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവരോട് ചെയർമാൻ വെങ്കയ്യ നായിഡു സഭ വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ഇസ്രായേലി ചാര സോഫ്റ്റ്വെയർ പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയത് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ അംഗങ്ങൾ അടക്കമുള്ള പ്രതിപക്ഷ എം.പിമാർ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഇതിൽ രോഷം പ്രകടിപ്പിച്ചായിരുന്നു നായിഡുവിെൻറ സസ്െപൻഷൻ ഉത്തരവ്.
ആദ്യം സ്വന്തം സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട അംഗങ്ങൾ അതിന് തയാറാകാതിരുന്നപ്പോൾ പ്ലക്കാഡ് ഉപയോഗിച്ചതിന് ചട്ടം 255 പ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് 'ചെയറിനെ ധിക്കരിച്ച് ഉപരിസഭയുെട നടുത്തളത്തിൽ പ്ലക്കാഡുമായി വന്നതിന്' ആറ് തൃണമൂൽ അംഗങ്ങളെ പുറത്താക്കിയതായി ചെയർമാൻ ഉത്തരവുമിറക്കി. സഭയുടെ അകത്തുനിന്ന് വാതിൽക്കലേക്ക് പോയി അവിടെ നിന്ന് ആറ് എം.പിമാരും പ്രതിഷേധം തുടർന്നു.
എന്നാൽ, ഉത്തരവ് വെല്ലുവിളിച്ച് തൃണമൂൽ സഭാനേതാവ് ഡെറിക് ഒബ്റേൻ, പ്രതിപക്ഷം ഒന്നടങ്കം രാജ്യസഭയിൽ മോദി -ഷാ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കുമെന്ന് ട്വീറ്റ് ചെയ്തു. ഉച്ചക്ക് ശേഷം പുറത്താക്കപ്പെട്ട തൃണമുൽ അംഗങ്ങളെ വാതിൽക്കൽ നിർത്തി വർധിതവീര്യത്തിൽ പ്രതിപക്ഷം നടുത്തളത്തിൽ പ്ലക്കാഡുമായി പ്രതിഷേധം തുടർന്നു.
ചില അംഗങ്ങൾ സഭാ നടപടികൾ മൊബൈലിൽ പകർത്തിയതിനെതിരെ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.