ബലാത്സംഗത്തിനിരയായ ഹാഥറസിൽ നിന്നുള്ള ആറ് വയസ്സുകാരി മരിച്ചു; ബന്ധുവായ 15കാരൻ അറസ്റ്റില്‍
text_fieldsലഖ്നോ: 19കാരിയായ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഭവങ്ങളിലൂടെ രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രമായ ഉത്തർപ്രദേശിലെ ഹാഥറസ് ചൊവ്വാഴ്ച മറ്റൊരു ലൈംഗിക പീഡന മരണത്തിനും പ്രക്ഷോഭത്തിനും വേദിയായി. അലിഗഢിലെ ബന്ധുവീട്ടിൽ വെച്ച് ബലാൽസംഗത്തിനിരയായ ഹാഥറസിൽ നിന്നുള്ള ആറ് വയസുകാരി മരിച്ചതിനെ തുടർന്നായിരുന്നു ഇത്. മാതൃസഹോദരിയുടെ മകനാണ് ബാലികയെ ബലാൽസംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യുക, കേസ് അന്വേഷിക്കുന്നതിൽ തുടക്കത്തിൽ അനാസ്ഥ കാട്ടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആറ് വയസുകാരിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്നും പൊലീസുകാരനെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞു പോയത്. സ്ഥിതിഗതികൾ ശാന്തമായെന്നും പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർ സംസ്കരിച്ചെന്നും എസ്.പി വിനീത് ജയ്സ്വാൾ പറഞ്ഞു.
മാതാവ് മരിച്ചതിനെ തുടർന്ന് അലിഗഢ് ഇഗ്ലസിൽ മാതൃസഹോദരിക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. അവിടെ വെച്ച് മാതൃസഹോദരിയുടെ 15കാരനായ മകൻ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചില സാമൂഹിക പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്ന് വീട് പരിശോധിച്ച പൊലീസ് സെപ്റ്റംബർ 17നാണ് അവശനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ആദ്യം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ നില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് തിങ്കളാഴ്ച മരിച്ചെന്ന് സീനിയർ എസ്.പി ജി. മുനിരാജ് പറഞ്ഞു.
തുടർന്ന് 15കാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. മൃതദേഹം സംസ്കരിക്കാനായി ചൊവ്വാഴ്ച ഹാഥറസിൽ കൊണ്ടുവന്നപ്പോഴാണ് കേസ് അന്വേഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ ഇഗ്ലസ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ സദാബാദ് - ബൽദേവ് റോഡ് ഉപരോധിച്ചത്. ഇയാളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞു പോയത്. ബാലികയെ ബലാൽസംഗം ചെയ്യുന്നതിന് മകന് കൂട്ടുനിന്ന പ്രതിയുടെ അമ്മ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.