യു.പിയിൽ ബലാത്സംഗത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്ഥയിൽ; പ്രതിയെ പിടികൂടാനാകാതെ പൊലീസ്
text_fieldsലഖ്നോ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പിടികൂടാൻ കഴിയാതെ യു.പി പൊലീസ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നാല് ദിവസം പിന്നിട്ടിട്ടും പ്രതിയുടെ രേഖാചിത്രം തയാറാക്കിയതല്ലാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
കുട്ടിയുടെ രക്ഷിതാക്കളുടെയും അയൽക്കാരുടെയും മൊഴികൾ പ്രകാരം മൂന്ന് രേഖാചിത്രങ്ങൾ പൊലീസ് തയാറാക്കി പുറത്തുവിട്ടിട്ടുണ്ട്. ഇത് മൂന്നും ഒരാളുടേത് തന്നെയാകാമെന്ന് പൊലീസ് പറയുന്നു.
നാല് ദിവസം മുമ്പാണ് ആറുവയസുകാരിയെ ഗർ മുക്തേശ്വർ മേഖലയിലെ വീട്ടിനു മുമ്പിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ബൈക്കിലെത്തിയ ഒരാൾ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം.
പിറ്റേദിവസം രാവിലെ അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിൽ സമീപ ഗ്രാമത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയിലുള്ളത്. കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമായി വരുമെന്നും ഏറെക്കാലത്തെ ചികിത്സ കുട്ടിക്ക് ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് ഹാപൂർ പൊലീസ് മേധാവി സഞ്ജീവ് സുമൻ പറഞ്ഞു. ആറ് പൊലീസ് സംഘത്തെ പ്രതിയെ കണ്ടെത്താനായി നിയോഗിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധം ഉയരുകയാണ്. എസ്.പിയും കോൺഗ്രസും വിഷയത്തിൽ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.
ഡൽഹിയിൽ 12കാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് നാടിനെ നടുക്കിയ മറ്റൊരു സംഭവം. കത്രിക കൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ട ഡൽഹിയിലെ പെൺകുട്ടിയുടെ നിലയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഈ കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.