വാഹനാപകടം; കാറിന്‍റെ എയർ ബാഗ് മുഖത്തമർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsമുംബൈ: കാറിന്‍റെ എയർബാഗ് മുഖത്തമർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. നവി മുംബൈയിലാണ് സംഭവം. മറ്റൊരു കാർ കുട്ടി സഞ്ചരിച്ച കാറിൽ ഇടിച്ചതിനെ തുടർന്ന് എയർബാഗ് വിടരുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റാർക്കും കാര്യമായ പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.
നവി മുംബൈയിലെ വാഷി മേഖലയിലാണ് അപകടം സംഭവിച്ചത്. വാഗൺ ആർ കാറിന്‍റെ മുൻസീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്നു ആറുവയസ്സുകാരൻ. പിതാവും രണ്ട് ബന്ധുക്കളുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. മീഡിയനിൽ ഇടിച്ച് നിയന്ത്രണംവിട്ട മറ്റൊരു കാർ ഇവരുടെ കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു.
കാർ ഇടിച്ചതോടെ എയർബാഗുകൾ വിടർന്നു. എന്നാൽ, മുൻസീറ്റിലായിരുന്ന കുട്ടിയുടെ മുഖത്താണ് എയർബാഗ് അമർന്നത്. അതേസമയം, വാഹനമോടിച്ചിരുന്ന പിതാവിന് എയർബാഗ് പ്രവർത്തിച്ചതിനാൽ പരിക്ക് സംഭവിച്ചില്ല. എയർബാഗ് മുഖത്തമർന്ന കുട്ടിയെ പുറത്തെടുത്തപ്പോൾ അബോധാവസ്ഥയിലായിരുന്നു. വാഷി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വിശദീകരിച്ചു.
കുട്ടികളെ മുൻസീറ്റിൽ ഇരുത്താമോ
കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്നത് ചെറിയ അപകടങ്ങൾ പോലും ദുരന്തമായി മാറുന്നതിന് കാരണമാകാം. ഇത് സംബന്ധിച്ച് കേരള ബാലാവകാശ കമ്മീഷന്‍ ഈയിടെ ഉത്തരവിറക്കിയിരുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് കമീഷന്‍റെ നിർദേശം.
രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി വാഹനങ്ങളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കണം. ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തണമെന്ന് കമ്മീഷന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
13 വയസ്സില്‍ താഴെയുളള കുട്ടികള്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാറുകളിലുള്ള സീറ്റ് ബെൽറ്റ് മുതിര്‍ന്നവര്‍ക്ക് യോജിച്ചതാണ്. സീറ്റ് ബെൽറ്റ് ധരിച്ച കാറിൽ എയര്‍ബാഗ് കൂടിയുണ്ടെങ്കിൽ മാത്രമേ മികച്ച സുരക്ഷ ഉറപ്പുവരുത്താനാകൂ. സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയര്‍ബാഗ് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തും. കുട്ടികളെ മുൻസീറ്റിൽ മടിയിൽ ഇരുത്തിയാൽ അപകടസമയത്ത് പൊട്ടി വിടരുന്ന എയര്‍ബാഗിനും മുൻസീറ്റ് യാത്രക്കാരനുമിടയിൽപ്പെട്ട് മരണംവരെ സംഭവിക്കാനുള്ള സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.