ചെരിപ്പിട്ട് തെരുവിലൂടെ നടന്നു, ആദ്യമായി; സവർണ വിലക്ക് ലംഘിച്ച് തമിഴ്നാട്ടിലെ ദലിതർ
text_fieldsതിരുപ്പൂർ: ചെരിപ്പ് ധരിച്ച് സവർണ സമുദായത്തിന്‍റെ അലിഖിത വിലക്ക് ലംഘിച്ച് തമിഴ്നാട്ടിലെ ദലിതർ. തിരുപ്പൂർ ജില്ലയിലെ രാജാവൂർ ഗ്രാമത്തിൽ നിന്നുള്ള 60 ദലിതരാണ് ഗ്രാമത്തിലെ കമ്പള നായ്ക്കൻ സ്ട്രീറ്റിലൂടെ ആദ്യമായി ചെരിപ്പ് ധരിച്ച് നടന്നത്.
പട്ടികജാതിക്കാർക്ക് തെരുവിൽ സൈക്കിൾ ചവിട്ടാൻ പോലും അനുവാദമില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗക്കാർ തെരുവിൽ ചെരിപ്പ് ഉപയോഗിച്ച് നടന്നാൽ പ്രാദേശിക ദേവത കോപിക്കുമെന്ന് പറഞ്ഞായിരുന്നു വർഷങ്ങളായി ദലിതരെ വിലക്കിയിരുന്നത്. ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് പ്രശ്നം ദലിത് സംഘടനകളുടെ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. രാജാവൂർ, മൈവാടി ഗ്രാമങ്ങളിൽ കാലങ്ങളായി ദലിതർക്ക് നേരെ വിവേചനങ്ങൾ നിലനിൽക്കുകയാണെന്നും ഗ്രാമവാസികൾ പറയുന്നു. സവർണരുടെ ചായക്കടകളിൽ സവർണർക്ക് ചില്ലു ഗ്ലാസിലും ദലിതർക്ക് പേപ്പർ ഗ്ലാസിലുമാണ് ചായ നൽകുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം തൊട്ടുകൂടായ്മ നിരോധിച്ചപ്പോൾ സവർണ ജാതിക്കാർ ഈ ആചാരം നിലനിർത്താൻ ഒരു കഥ മെനഞ്ഞു. പട്ടികജാതിക്കാർ ചെരിപ്പിട്ട് തെരുവിലൂടെ നടന്നാൽ മൂന്നു മാസത്തിനകം അവർ മരിക്കുമെന്നായിരുന്നു കഥ. ചില പട്ടികജാതി അംഗങ്ങൾ ആ കഥ വിശ്വസിക്കുകയും ചെരുപ്പിടാതെ നടക്കാൻ തുടങ്ങുകയും ചെയ്തു. ഈ രീതി ഇന്നും തുടരുന്നു- പ്രദേശവാസി പറയുന്നു.
ഗ്രാമത്തിൽ പോയപ്പോൾ തെരുവിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് നിരവധി ദളിത് സ്ത്രീകൾ പറഞ്ഞതായി തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (തിരുപ്പൂർ) സെക്രട്ടറി സി.കെ. കനകരാജ് പറഞ്ഞു. പ്രതിഷേധം നടത്താൻ തീരുമാനിച്ചപ്പോൾ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ തങ്ങളുടെ മുന്നണിയിലെ അംഗങ്ങളും സി.പി.എം, വി.സി.കെ, എ.ടി.പി പ്രവർത്തകരും ചേർന്ന് തെരുവിലൂടെ നടക്കാനും ഗ്രാമത്തിലെ രാജകാളിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിക്കാനും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
60 ദലിതർ തെരുവിലൂടെ ചെരിപ്പ് ധരിച്ച് നടന്നെന്നും ആരും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും ഭയമുണ്ടെന്നും എന്നാൽ ഈ യാത്ര ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.