വെജിറ്റബിൾ സൂപ്പ്, പാലക് പനീർ, ദാൽ... ദ്രൗപതി മുർമുവിനൊപ്പം ഭക്ഷണം കഴിച്ച നിർവൃതിയിൽ മയൂർബഞ്ചിലെ ഗോത്രവർഗ വിഭാഗക്കാർ
text_fieldsഭുവനേശ്വർ: ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിലെഗോത്രവർഗ വിഭാഗത്തിൽ പെട്ട 60 പേർക്ക് സ്വപ്നസാഫല്യത്തിന്റെ നിമിഷമാണിത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ അവർക്ക് അവസരം ലഭിച്ചിരിക്കുന്നു. ക്ഷണിക്കപ്പെട്ട എല്ലാവരും ദ്രൗപതി മുർമുവിന്റെ ജില്ലക്കാരാണ്. പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ദ്രൗപതി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാനും അവർക്ക് സാധിച്ചു.
''പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ സാധിച്ചതു തന്നെ വലിയ സന്തോഷമാണ്. എന്നാൽ രാഷ്ട്രപതിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഞങ്ങളെ ക്ഷണിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല''-മയൂർബഞ്ച് ജില്ല മുൻ പരിഷത്ത് ചെയർപേഴ്സൺ സുജാത മുർമു പറഞ്ഞു.
സാന്താൾ വംശജരുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് എല്ലാവരും ചടങ്ങിനെത്തിയത്. ഗയാമണി ബേഷ്റ, ഡങി മുർമു എന്നിവർക്കും രാഷ്ട്രപതി ഭവനിലെ ഉച്ചഭക്ഷണം അദ്ഭുതമായിരുന്നു. ദീർഘകാലമായി ദ്രൗപതി മുർമുവിന്റെ സുഹൃത്തുക്കളാണ് ഇവർ. ഒരു വിനോദയാത്രക്കു പോകുന്ന സന്തോഷത്തോടെയാണ് മയൂർബഞ്ച് നിവാസികൾ സത്യപ്രതിജ്ഞ ചടങ്ങിനായി ന്യൂഡൽഹിയിലെത്തിയത്.
പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളെ പായ്ക്കറ്റ് മധുരപലഹാരങ്ങൾ നൽകിയാണ് രാഷ്ട്രപതി യാത്രയാക്കിയത്. ദ്രൗപതി മുർമു മാംസാഹാരം കഴിക്കാത്തതിനാൽ ഉച്ച ഭക്ഷണത്തിന് സസ്യാഹാരമായിരുന്നു മുഖ്യം. മാത്രമല്ല, വെളുത്തുള്ളിയും സവാളയും പുതിയ രാഷ്ട്രപതിയുടെ ഭക്ഷ്യമെനുവിന്റെ പടിക്കു പുറത്താണ്.
മധുരമുള്ള ചോളം ഉപയോഗിച്ചുള്ള വെജിറ്റബിൾ സൂപ്പ്, പാലക് പനീർ, ദാൽ അർഹാർ തഡ്ക, ഗോബി ഗജർ ബീൻസ്, മലായ് കൊഫ്ത, ജീര പുലാവ്, നാൻ, ഫ്രഷ് ഗ്രീൻ സാലഡ്, ബൂണ്ടി റെയ്ത, കേസർ രസ്മലായ്, ഫ്രഷ് ഫ്രൂട്സ് എന്നിവയായിരുന്നു ഉച്ച ഭക്ഷണ മെനു. രാഷ്ട്രപതി ഭവനിൽ മൊബൈൽ ഫോണിനും കാമറക്കും നിരോധനമുള്ളതിനാൽ രാഷ്ട്രപതിക്കൊപ്പം സെൽഫിയെടുക്കാൻ പറ്റാത്തതിന്റെ പരിഭവവും ഗ്രാമവാസികൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.