മുൻ നിര ഐ.ഐ.ടികളിൽ നിന്ന് കൊഴിഞ്ഞു പോകുന്നവരിൽ 60 ശതമാനവും സംവരണ വിഭാഗക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥപാനങ്ങളായ ഏഴ് ഐ.ഐ.ടികളിൽ നിന്ന് കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളിൽ 60 ശതമാനത്തിലധികവും പിന്നാക്ക സംവരണ വിഭാഗക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊഴിഞ്ഞു പോയവരുടെ കണക്കുകൾ രാജ്യസഭയിൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കൊഴിഞ്ഞു പോകുന്ന സംവരണ വിഭാഗങ്ങളിൽ പകുതിയിലധികവും പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നുള്ള എം.പി എം ശിവദാസന്‍റെ ചോദ്യത്തിന് മറുപടിയായാണ് കൊഴിഞ്ഞു പോക്ക് കണക്ക് രാജ്യസഭയിൽ അറിയിച്ചത്.
ബിരുദ േകാഴ്സുകളിലെ കൊഴിഞ്ഞു പോക്കിന്‍റെ കണക്കിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്്. ദേശീയ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏഴ് സ്ഥാപനങ്ങളിലെ സ്ഥിതിയാണിത്. മുൻ നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതിനിടയിലാണ് കൊഴിഞ്ഞു പോക്കിന്‍റെ കണക്കുകൾ പുറത്തുവരുന്നത്.
ഗുവാഹതി ഐ.ഐ.ടിയിലെ കോഴ്സിനിടയിൽ കൊഴിഞ്ഞു പോയവരിൽ 88 ശതമാനവും സംവരണ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അതിൽ തന്നെ നാലിൽ മൂന്ന് ആളുകളും പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
ഡൽഹി ഐ.ഐ.ടിയിൽ നിന്ന് അഞ്ചു വർഷത്തിനിടെ കൊഴിഞ്ഞു പോയവരിലെ 76 ശതമാനവും സംവരണ വിഭാഗത്തിൽ നിന്നുള്ളവരാണ്. 50 ശതമാനത്തിലധികവും പട്ടിക വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
മുൻനിര സ്ഥാപനമായ മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 പേരാണ് കൊഴിഞ്ഞുപോയത്. അതിൽ ആറുപേരും പട്ടിക വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.
ഐ.ഐ.ടി ഗൊരഖ്പുരിൽ നിന്ന് അഞ്ചു വർഷത്തിനിടെ 79 വിദ്യാർഥികളാണ് കോഴ്സ് വിട്ടത്. അതിൽ 60 ശതമാനത്തിലധികവും സംവരണ വിഭാഗത്തിൽ നിന്നുള്ളവരാണ്.
പട്ടിക ജാതി-പട്ടിക വർഗങ്ങളടക്കമുള്ള സംവരണ വിഭാഗങ്ങൾക്ക് ഐ.ഐ.ടികളിലുള്ള പ്രാതിനിധ്യത്തിന് ആപേക്ഷികമായല്ല കൊഴിഞ്ഞു പോക്കിന്‍റെ കണക്ക്. വർധിത അളവിലുള്ള കൊഴിഞ്ഞുപോക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗങ്ങൾ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന ആക്ഷേപം ശരിവെക്കുന്നതാണ്.
അതേസമയം, മറ്റു സ്ഥാപനങ്ങളിലേക്കും കോഴ്സുകളിലേക്കും മാറുന്നതാണ് കൊഴിഞ്ഞു പോക്കിന്‍റെ കാരണമെന്നും അത് വിവേചനം കാരണമല്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.