പാർലമെന്റിലേക്കുള്ള കർഷക മാർച്ചിൽ 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് രാകേഷ് ടികായത്ത്
text_fieldsന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന 29ന് നടത്തുന്ന 'സൻസദ് ചലോ' മാർച്ചിൽ 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ. റോഡ് മാർഗം പാർലമെന്റിലേക്ക് കർഷകരുടെ ട്രാക്ടറുകൾ മാർച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കേന്ദ്ര സർക്കാറുമായുള്ള സംഭാഷണമാണ് മാർച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. കർഷകർ നേരിട്ട് പാർലമെന്റിലേക്ക് പോകും. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പ്രതികരണത്തിനായി കർഷകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 750 കർഷകർ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും ടികായത്ത് ചൂണ്ടിക്കാട്ടി.
വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിറകോട്ടുപോകേണ്ടെന്നാണ് സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്. 24ന് ഉത്തരേന്ത്യൻ നേതാവായിരുന്ന ഛോട്ടുറാമിന്റെ ജന്മവാർഷികം 'കിസാൻ മസ്ദൂർ സംഘർഷ് ദിവസ്' ആയി ആചരിക്കും. 26ന് അതിർത്തിയിലെ സമരവാർഷികവും വിജയിപ്പിക്കാനും കിസാൻ മോർച്ച യോഗം തീരുമാനിച്ചിരുന്നു. കൂടാതെ, കേന്ദ്ര സർക്കാറിന് മുന്നിൽ ആറ് ആവശ്യങ്ങൾ കർഷകർ ഉന്നയിക്കുകയും ചെയ്തിരുന്നു.
കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങൾ:- ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരൻറി നൽകണം. ഇക്കാര്യം 2011ൽ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി അന്നത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണെന്നും പിന്നീട് താങ്കൾ പ്രധാനമന്ത്രിയായപ്പോൾ ഇക്കാര്യം പ്രഖ്യാപിച്ചതുമാണ്.
- വൈദ്യുതി നിയമത്തിെൻറ കരട് പിൻവലിക്കുക
- വായുമലിനീകരണത്തിെൻറ പേരിൽ കർഷകർക്ക് പിഴ ചുമത്താനുള്ള 2021ലെ നിയമത്തിലെ വകുപ്പ് പിൻവലിക്കുക.
- 2020 ജൂൺ മുതൽ ഇതുവരെ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം.
- ലഖിംപുർ കൂട്ടക്കൊലയുടെ സൂത്രധാരൻ അജയ് കുമാർ മിശ്ര പ്രതിയായിട്ടും കേന്ദ്രമന്ത്രിയായി തുടരുകയാണ്. താങ്കൾക്കും മറ്റു മന്ത്രിമാർക്കുമൊപ്പം അയാൾ വേദി പങ്കിടുകയും െചയ്തു. മന്ത്രിസഭയിൽനിന്ന് പുറത്താക്കി അയാളെ അറസ്റ്റ് ചെയ്യണം.
- കർഷക സമരത്തിൽ ജീവൻ ത്യജിച്ച 700 കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കണം. രക്തസാക്ഷി സ്മാരകത്തിന് സിംഘു അതിർത്തിയിൽ സ്ഥലം അനുവദിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.