മരണാനന്തര ചടങ്ങുകൾക്കിടെ 60 കാരനായ 'പരേതൻ' വീട്ടിൽ തിരിച്ചെത്തി
text_fieldsകള്ളക്കുറിച്ചി: വീട്ടുകാർ മരണാനന്തര ചടങ്ങുകൾ നടത്താനൊരുങ്ങവെ മരിച്ചെന്നു കരുതിയ 60 കാരൻ തിരിച്ചെത്തി. തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലെ നെടുമാനൂരിലാണ് സംഭവം. നാലു ദിവസം മുമ്പ് കാണാതായ സുബ്രമണിയെ ആണ് വീട്ടുകാർ മരിച്ചതായി ഉറപ്പിച്ച് മരണാനന്തര ചടങ്ങുകൾ നടത്താനൊരുങ്ങിയത്. ആൺമക്കളുമായി വഴക്കുണ്ടാക്കിയ ശേഷം വീടു വിട്ടിറങ്ങുകയായിരുന്നു ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന സുബ്രമണി.
തുടർന്ന് വീട്ടുകാർ ഇദ്ദേഹം പോകാനിടയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തിയാഗദുരുഗം ഭാഗത്തെ കാട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള 60 വയസ് തോന്നിക്കുന്ന ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിയാനായി പൊലീസ് ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചു. കാണായായ സുബ്രമണിയുടെ മക്കളായ സെന്തിലും ഗൗണ്ടമണിയും ഇത് തങ്ങളുടെ അച്ഛനാണെന്നു കരുതി ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലെത്തി മൃതദേഹം വിട്ടു തരണമെന്ന് അഭ്യർഥിച്ചു. മൃതദേഹം വിട്ടുകിട്ടിയപ്പോൾ അവർ അന്നു തന്നെ ഉച്ചക്കു ശേഷം സംസ്കാരം നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി.
സംസ്കാരത്തിനായുള്ള സാധനങ്ങൾ വാങ്ങാൻ ബന്ധുക്കളിലൊരാൾ മാർക്കറ്റിലെത്തിയപ്പോൾ അപ്രതീക്ഷിതമായി സുബ്രമണിയെ കണ്ടു. തുടർന്ന് ബന്ധു വിവരം സുബ്രമണിയുടെ കുടുംബത്തെ അറിയിക്കുകയും അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയുമായിരുന്നു.
നിമിഷ നേരം കൊണ്ട് മൂകമായിരുന്നു വീടിന്റെ അന്തരീക്ഷം സന്തോഷത്തിലേക്ക് വഴിമാറി. ഞങ്ങൾക്ക് സത്യത്തിൽ വിശ്വസിക്കാനാവുന്നില്ല. എന്നാൽ അച്ഛനെ തിരിച്ചു കിട്ടിയതിൽ വളരെ സന്തോഷമുണ്ട്-സുബ്രമണിയുടെ മക്കൾ പറഞ്ഞു. സംസ്കരിക്കാൻ എടുത്ത മൃതദേഹം തിരിച്ചറിയാത്തതിനാൽ പൊലീസിന്റെ നിർദേശമനുസരിച്ച് കള്ളകുറിച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.