യു.പിയില്‍ 63 ശതമാനം പോളിങ്
text_fieldsലഖ്നോ: ഉത്തര്‍പ്രദേശില്‍ 73 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63 ശതമാനം പോളിങ്. പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലെ മണ്ഡലങ്ങളിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്്. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ലൂയന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ ലോക്ദള്‍ പ്രവര്‍ത്തകര്‍ ദലിതര്‍ വോട്ട് ചെയ്യുന്നത് തടഞ്ഞത് അക്രമത്തില്‍ കലാശിച്ചു. തെരഞ്ഞെടുപ്പ് ദിവസം പ്രചാരണം നടത്തിയതിന് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും സമാജ്വാദി പാര്‍ട്ടിയുടെയും നോയ്ഡയിലെ സ്ഥാനാര്‍ഥികള്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പൊലീസിനോടാവശ്യപ്പെട്ടു.
ഇരുസ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ഥിച്ച് ജനങ്ങള്‍ക്ക് കൂട്ടസന്ദേശങ്ങള്‍ അയക്കുകയും ഫേസ്ബുക്ക് ലൈവിലൂടെ വോട്ട് ചോദിക്കുകയുമായിരുന്നു. ചിലയിടങ്ങളില്‍ വോട്ടുയന്ത്രം തകരാറിലായത് വോട്ടെടുപ്പ് തടസ്സപ്പെടുത്തി. പോളിങ് ബൂത്തിനകത്തേക്ക് പിസ്റ്റള്‍ കൊണ്ടുവന്നതിന് ബി.ജെ.പി സ്ഥാനാര്‍ഥി സംഗീത് സോമിന്‍െറ സഹോദരന്‍ ഗഗന്‍ സോമിനെ പൊലീസ് പിടികൂടി. ശാംലി, മുസഫര്‍നഗര്‍, ബാഗ്പഥ്, മീറത്ത്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, ഹപൂര്‍, ബുലന്ദ്ശഹര്‍, അലീഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഫിറോസാബാദ്, ഏറ്റാ, കാസ്ഗഞ്ച് എന്നീ ജില്ലകളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 2013ല്‍ വര്‍ഗീയകലാപമുണ്ടായ മുസഫര്‍നഗറിലും ശാലിയിലും പോളിങ് ബൂത്തുകളില്‍ 6000 അര്‍ധസൈനിക വിഭാഗക്കാരെ വിന്യസിച്ചിരുന്നു. 839 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ആകെ 403 മണ്ഡലങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.