വിവാഹത്തിന് ഡി.ജെ സംഗീതം; ബഹളം കേട്ട് 63 കോഴികൾ ചത്തെന്ന പരാതിയുമായി അയൽവാസി പൊലീസ് സ്റ്റേഷനിൽ
text_fieldsഭുവനേശ്വർ: അയൽവാസിയുടെ വീട്ടിലെ വിവാഹത്തിനിടെ നടത്തിയ ഡി.ജെ സംഗീതത്തിന്‍റെ ബഹളംകേട്ട് തന്‍റെ കോഴികൾ ചത്തെന്ന് യുവാവിന്‍റെ പരാതി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് 63 കോഴികളാണ് ഹൃദയാഘാതം മൂലം ചത്തതെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. ഒഡിഷയിലെ ബലസോറിലാണ് സംഭവം.
കോഴിഫാം നടത്തുന്ന രഞ്ജിത് പരിദ എന്ന വ്യക്തിയാണ് അയൽവാസിക്കെതിരെ നീലഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയൽവാസിയായ രാമചന്ദ്ര പരിദയുടെ വീട്ടിൽ ഞായറാഴ്ച വിവാഹം നടന്നിരുന്നു. വിവാഹ ഘോഷയാത്രത്തിൽ ഉച്ചത്തിൽ ഡി.ജെ സംഗീതവുമുണ്ടായിരുന്നു.
ഞായറാഴ്ച രാത്രി 11.30ഓടെ ഡി.ജെ സംഗീതത്തിന്‍റെ അകമ്പടിയോടെ വിവാഹ ഘോഷയാത്ര കോഴിഫാമിൻറെ മുന്നിലൂടെ കടന്നുപോയി. ഉച്ചത്തിലുള്ള സംഗീതം കേട്ടതോടെ കോഴികൾ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ചില കോഴികൾ ചാടുകയും പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. കോഴികൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡി.ജെ സംഗീതത്തിന്‍റെ ശബ്ദം കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നു. കാതടപ്പിക്കുന്ന ശബ്ദമായിരുന്നു ഡി.ജെ സംഗീതത്തിനെന്നും ഇത് 63 കോഴികൾ ചാകാൻ കാരണമായെന്നും രഞ്ജിത് പറയുന്നു.
ചത്ത കോഴികളെ പരിശോധിച്ച ശേഷം ഉച്ചത്തിലുള്ള ശബ്ദം കോഴികളിൽ ഞെട്ടലുണ്ടാക്കിയെന്നും ഇതോടെ കോഴികൾക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്നും പ്രദേശത്തെ വെറ്ററിനറി ഡോക്ടർ അറിയിച്ചതായി രഞ്ജിത് പരാതിയിൽ പറയുന്നു.
എൻജിനീയറിങ് പഠനത്തിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് 22കാരനായ രഞ്ജിത്ത് കോഴിഫാം തുടങ്ങിയത്. 2019ൽ നീലഗിരി കോർപറേറ്റീവ് ബാങ്കിൽനിന്ന് രണ്ടുലക്ഷം രൂപയെടുത്തായിരുന്നു സംരംഭം ആരംഭിച്ചത്. അയൽവാസിയായ രാമചന്ദ്രനോട് നഷ്ടപരിഹാരം നൽകി സംഭവം ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ലെന്നും പകരം ആക്ഷേപിക്കുക ആയിരുന്നുവെന്നും രഞ്ജിത് പറയുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും രഞ്ജിത് പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തതായും കേസ് ഒത്തുതീർപ്പാക്കിയതായും എസ്.പി സുധൻഷു മിശ്ര പറഞ്ഞു. അതേസമയം രഞ്ജിത്തിന്റെ വാദങ്ങൾ അസംബന്ധമാണെന്ന് രാമചന്ദ്ര പ്രതികരിച്ചു. വലിയ ശബ്ദം കേട്ടാൽ കോഴികൾ ചത്തുവീഴുമെങ്കിൽ റോഡിൽ വലിയ േലാറികളിലും മറ്റും കൊണ്ടുപോകുന്ന കോഴികൾ ഹോൺ മുഴക്കം കേൾക്കുേമ്പാൾ ചത്തുപോകില്ലേയെന്നായിരുന്നു രാമചന്ദ്രയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.