കർണാടകയിൽ 65 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ്
text_fieldsബംഗളൂരു: കർണാടകയിലെ കോലാറിൽ ഒരു കോളജിലെ 65 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കോലാർ ഗോൾഡ് ഫീൽഡിലെ (കെ.ജി.എഫ്) നൂറുന്നിസ നഴ്സിങ് കോളജിലാണ് ഒരാഴ്ചക്കിടെ ഇത്രയും പേർക്ക് കേസ് സ്ഥിരീകരിച്ചത്.
രോഗം പിടിപെട്ട എല്ലാവരും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് പ്രത്യേക ബസിൽ കോളജിൽ എത്തിയവരാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. ആഗസ്റ്റ് 18നാണ് 146 വിദ്യാർഥികളെ കേരളത്തിൽനിന്ന് ബസിലെത്തിച്ചത്. ഇവർ മറ്റുയാത്രാമാർഗങ്ങൾ തേടിയിട്ടില്ലെന്നതിനാൽ വിദ്യാർഥികളിലൊരാളിൽനിന്ന് മറ്റുള്ളവർക്ക് രോഗം പകർന്നതാവാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവരുടെ കോവിഡ് സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നറിയാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പരിശോധിക്കും.
കോളജ് മാനേജ്മെൻറിനെതിരെ അച്ചടക്ക നടപടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ട് ശതമാനത്തിന് മുകളിൽ പൊസിറ്റിവിറ്റി നിരക്ക് വർധിച്ചാൽ വിദ്യാലയങ്ങൾ അടച്ചിടേണ്ടിവരുമെന്നും മാനേജ്മെൻറിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.