മധ്യപ്രദേശിൽ 71.11 ശതമാനവും ഛത്തീസ്ഗഡിൽ 67.34 ശതമാനവും പോളിങ്; വോട്ടെടുപ്പ് പൂർത്തിയായി
text_fieldsഭോപ്പാൽ/ റായ്പൂർ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പ് പൂർത്തിയായി. മധ്യപ്രദേശിൽ 71.11 ശതമാനവും ഛത്തീസ്ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിങ് രേഖപ്പെടുത്തി.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടർമാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടർമാരും ഇന്ന് വോട്ട് ചെയ്തത്. നവംബർ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഛത്തീസ്ഗഢിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇത് തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ഏറെ മുൻതൂക്കം നൽകി.
ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശിൽ 2533ഉം രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢിലെ അവസാന ഘട്ടത്തിൽ 958 സ്ഥാനാർഥികളുമാണ് രംഗത്തുള്ളത്. 23ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ രാജസ്ഥാനിലും 30ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. ഏഴിന് നടന്ന മിസോറം അടക്കം അഞ്ച് സംസ്ഥാനങ്ങളുടെയും ഫലം ഡിസംബർ മൂന്നിന് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.