ഗുജറാത്തിൽ അടച്ചിട്ട റോഡ് തുറക്കാൻ ശ്രമം, സംഘർഷം; 68 പേർ അറസ്റ്റിൽ
text_fieldsരാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ അടച്ചിട്ട റോഡ് തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ 68 പേരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച അർധരാത്രി രാജ്കോട്ടിലെ ജംഗലേശ്വറിലാണ് സംഭവം. ധാരാളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് നീക്കം ചെയ്യാനുള്ള പ്രദേശവാസികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും ചെയ്തു.
സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. അതേ സമയം, അടച്ചിട്ട മറ്റു ചില പ്രദേശങ്ങളിലെ ബാരിക്കേഡുകൾ ഉദ്യോഗസ്ഥർ നീക്കിയിരുന്നതായും ജംഗലേശ്വറിലേത് നീക്കം ചെയ്യാത്തതിൽ ആളുകൾ അസ്വസ്ഥരായിരുന്നുവെന്നും ഭക്തിനഗറിലെ പൊലീസ് ഇൻസ്പെക്ടർ വി.കെ. ഗാദ്വി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 149, 332 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് 68 ഓളം പേർക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.