മറാത്ത് വാഡയിൽ കർഷക ആത്മഹത്യകൾ ഉയരുന്നു; ആഗസ്റ്റ് വരെ മരണപ്പെട്ടത് 685 കർഷകർ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മറാത്ത് വാഡയിൽ 2023 ജനുവരി മുതൽ ആഗസ്റ്റ് വരെ 685 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഇതിൽ കൂടുതൽ മരണവും സംസ്ഥാന കാർഷിക മന്ത്രിയും വിമത എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ ജില്ലയായ ബീഡിൽ നിന്നാണ്. ബീഡിലെ 186ഓളം കർഷകരാണ് ഈ വർഷം ആത്മഹത്യ ചെയ്തത്. ഡിവിഷണൽ കമീഷണർ പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ പരാമർശിച്ചിരിക്കുന്നത്.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ മാത്രം 294 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഈ വർഷം മറാത്ത് വാഡയിൽ 20.7 ശതമാനം മഴ കുറവാണ് ലഭിച്ചത്. ഇതുവരെ 455.4 മില്ലിലിറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. ശരാശരി പ്രദേശത്ത് ലഭിക്കേണ്ട മഴ 574.4 മില്ലി ലിറ്ററാണ്.
ഒസ്മാനാബാദിൽ 113 കർഷകരാണ് ആത്മഹത്യ ചെയ്തത്. നന്ദേഡ് 110, ഔറംഗാബാദ് 95, പര്ഭാനി 58, ലാത്തൂർ 51, ജൽന 50, ഹിംഗോലി 22 എന്നിവയാണ് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള കണക്കുകൾ.
2022ൽ 1023 കർഷകരാണ് മറാത്ത് വാഡയിൽ നിന്നും ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് തുടരുന്ന കൃഷിനാശവും, കാർഷിക വിളകളുടെ വിലക്കുറവും മൂലം വായ് തിരിച്ചടക്കാനാവാത്തതാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും പിന്നിലെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.