കർണാടകയിൽ പോളിങ് 69.56 ശതമാനം
text_fieldsബംഗളൂരു: കർണാടകയിൽ ആദ്യഘട്ട പോളിങ്ങിൽ 69.56 ശതമാനം വോട്ടു രേഖപ്പെടുത്തി. 14 മണ്ഡലങ്ങളിൽ ചാമരാജ് നഗർ ഒഴികെയുള്ള മണ്ഡലങ്ങളിലെ പോളിങ്ങിന്റെ കണക്കാണിത്. ചാമരാജ് നഗറിലെ ഹാനൂരിൽ പോളിങ്ങിനെ ചൊല്ലി ഗ്രാമത്തിലെ ഇരുവിഭാഗക്കാർ തമ്മിലുണ്ടായ അക്രമത്തെതുടർന്ന് പോളിങ് ബൂത്ത് അടിച്ചുതകർത്തിരുന്നു. ഇതോടെയാണ് ഈ മണ്ഡലത്തിലെ പോളിങ് ശതമാനം തടഞ്ഞുവെച്ചത്. പോളിങ് തടസ്സപ്പെട്ട ബൂത്തിൽ തിങ്കളാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തും. ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേതിലും കുറഞ്ഞ പോളിങ് രേഖപ്പെടുത്തി. ബംഗളൂരു സൗത്തിലാണ് ഏറ്റവും കുറവ് പോളിങ്; 53.17 ശതമാനം. ബംഗളൂരു സെൻട്രലിൽ 54.06 ഉം ബംഗളൂരു നോർത്തിൽ 54.45ഉം ശതമാനം വോട്ടു രേഖപ്പെടുത്തി. 2019ൽ ബംഗളൂരു സൗത്ത് -53.70, ബംഗളൂരു സെൻട്രൽ- 54.32, ബംഗളൂരു നോർത്ത്- 54.76 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം. കടുത്ത മത്സരം നടന്ന കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിൽ കൂടുതൽ പോളിങ് നടന്നു. 68.30 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 64.98 ശതമാനമായിരുന്നു.
അസമിൽ 77.35
ഗുവാഹതി: അഞ്ച് സീറ്റുകളിലേക്കായി 77.26 ലക്ഷം വോട്ടർമാരുണ്ടായിരുന്ന രണ്ടാംഘട്ടത്തിൽ അസമിൽ 77.35 ശതമാനം പോളിങ്. നഗോങ് ലോക്സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടുരേഖപ്പെടുത്തിയത്- 80.56 ശതമാനം.
ഡർറാങ്-ഉദൽഗുരിയിൽ 78.41 ശതമാനം, സിൽച്ചാറിൽ 75.97 ശതമാനം, കരീംഗഞ്ചിൽ 75.63 ശതമാനം, ദിഫുവിൽ 73.11 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. ആദ്യഘട്ടത്തിൽ കാസിരംഗ, ജോർഹട്ട്, ദിബ്രുഗഢ്, സോനിത്പുർ, ലഖിംപുർ എന്നിവിടങ്ങളിലായി 78.25 ശതമാനമായിരുന്നു പോളിങ്.
ഛത്തിസ്ഗഢിൽ 76.24
റായ്പുർ: രണ്ടാംഘട്ടത്തിൽ മൂന്നു സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന ഛത്തിസ്ഗഢിൽ പോളിങ് 76.24 ശതമാനം. കാൻകർ (പട്ടികവർഗ സംവരണം), രാജ്നന്ദ്ഗാവ്, മഹാസമന്ദ് മണ്ഡലങ്ങളിലേക്കാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. രാജ്നന്ദ്ഗാവിൽ 77.42 ശതമാനം, മഹാസമന്ദ് 75.02 ശതമാനം, കാൻകർ 76.23 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടിങ് നില.
2019ൽ ഈ മൂന്നു മണ്ഡലങ്ങളിൽ 74.95 ആയിരുന്നു ശതമാനം. പ്രധാനമായി കോൺഗ്രസും ബി.ജെ.പിയും കൊമ്പുകോർക്കുന്ന ഇവിടെ മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മുൻ ആഭ്യന്തര മന്ത്രി താംരധ്വാജ് സാഹു എന്നിവർ ജനവിധി തേടുന്നുണ്ട്.
മഹാരാഷ്ട്രയിൽ 59.63
മുംബൈ: രണ്ടാം ഘട്ടത്തിൽ എട്ട് മണ്ഡലങ്ങൾ വിധിയെഴുതിയ മഹാരാഷ്ട്രയിൽ പോളിങ് 59.63 ശതമാനം. വാർധ 62.65, അകോല 58.09, അംറാവതി 60.74, ബുൽധാന 58.45, ഹിംഗോലി 60.79, നന്ദേദ് 59.57, പർഭാനി 60.09, യവത്മൽ-വാശിം 57 ശതമാനം എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്കുകൾ. മൊത്തം 204 സ്ഥാനാർഥികൾ മുഖാമുഖം നിന്നതിൽ ഏറ്റവും കൂടുതൽ ബുൽധാനയിലായിരുന്നു- 21 പേർ. നാഗ്പുർ, രാംടെക്, ചന്ദ്രപുർ, ഭണ്ഡാര-ഗോണ്ഡിയ, ഗഡ്ചിറോളി-ചിമർ എന്നിങ്ങനെ അഞ്ചു മണ്ഡലങ്ങൾ വോട്ടുചെയ്ത ഒന്നാം ഘട്ടത്തിൽ 63.70 ശതമാനമായിരുന്നു പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.