ബീഫ് കറിയുണ്ടാക്കിയതിന് ഒഡിഷയിലെ കോളജ് ഹോസ്റ്റലിൽ നിന്ന് ഏഴ് എൻജിനീയറിങ് വിദ്യാർഥികളെ പുറത്താക്കി
text_fieldsഭുവനേശ്വർ: ഒഡിഷയിലെ ബെർഹാംപുരിൽ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് ഏഴ് എൻജിനീയറിങ് വിദ്യാർഥികളെ കോളജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. പ്രശ്നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കോളജ് പരിസരത്ത് വലിയ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിരോധിക്കപ്പെട്ട കാര്യങ്ങളിലേർപ്പെട്ടതിനും ഹോസ്റ്റൽ വാസികളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഏഴ് വിദ്യാർഥികളെ പുറത്താക്കുന്നുവെന്നാണ് സ്റ്റുഡൻറ്സ് വെൽഫെയർ ഡീൻ അറിയിച്ചത്. എന്നാൽ എന്താണ് നിരോധിക്കപ്പെട്ട പ്രവർത്തനം എന്നതിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായില്ല. പുറത്താക്കപ്പെട്ട ഓരോ വിദ്യാർഥിയും 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സാധാരണ ഹോസ്റ്റലിൽ ബീഫ് വിഭവങ്ങൾ ഉണ്ടാക്കാറില്ല. ബുധനാഴ്ച രാത്രി വിദ്യാർഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തിരുന്നു. തുടർന്ന് ഒരു വിഭാഗം വിദ്യാർഥികൾ ഇക്കാര്യം ഡീനിനെ അറിയിച്ചു. 'കോളജ് ഹോസ്റ്റലിൽ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവർ താമസിക്കുന്നുണ്ട്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കേണ്ടത് പ്രധാനമാണ്. ഒരു വിഭാഗം കുട്ടികൾ ബീഫ് പാകം ചെയ്തത് കുറച്ചു വിദ്യാർഥികൾക്ക് പ്രയാസമുണ്ടാക്കിയിരിക്കുന്നു. തുടർന്ന് ഹോസ്റ്റലിലെ അന്തരീക്ഷം സംഘർഷ സമാനമായിരിക്കുന്നു. ഈ സംഭവത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കണം.'-എന്നാണ് ഡീനിന് നൽകിയ പരാതിയിലുള്ളത്.
ബജ്റംഗ് ദൾ ആൻഡ് വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങൾ കോളജ് സന്ദർശിക്കുകയും പ്രിൻസിപ്പലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബീഫ് പാചകം ചെയ്ത വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കോളജ് അധികൃതർ അന്വേഷണം തുടങ്ങി.
യു.പിലെ അംറോഹയിൽ ഉച്ചഭക്ഷണമായി ബിരിയാണി കൊണ്ടുവന്ന ഏഴു വയസുള്ള വിദ്യാർഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി വാർത്തകളുണ്ടായിരുന്നു. കുട്ടിയെ പുറത്താക്കിയത് ചോദ്യം ചെയ്ത മാതാവിനെ അപകീർപ്പെടുത്തുന്ന രീതിയിൽ സ്കൂൾ പ്രിൻസിപ്പൽ സംസാരിച്ചതായും പരാതിയുണ്ടായിരുന്നു. വിവാദമായതിനെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അംറോഹ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.