മതം മാറിയതിന് ഗ്രാമത്തിൽ നിന്നും വിലക്ക്; ദയാവധം ആവശ്യപ്പെട്ട് ഏഴ് കുടുംബങ്ങൾ
text_fieldsചെന്നൈ: മതം മാറിയതിന് ഗ്രാമത്തിൽ ഭൂരിപക്ഷ വിഭാഗം ഭൃഷ്ട് കൽപിച്ചതിന് പിന്നാലെ ദയാവധത്തിന് അനുമതി തേടി ഏഴ് കുടുംബങ്ങൾ. തമിഴ്നാട്ടിലെ പൂമ്പുഹാർ ഗ്രാമത്തിലെ ഏഴോളം കുടുംബങ്ങൾക്കാണ് ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന് പതിനഞ്ച് വർഷമായി ഗ്രാമത്തിൽ ഭൃഷ്ട് കൽപിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം കളക്ടർ സംഘടിപ്പിച്ച പൊതുജന പരാതി പരിഹാര പരിപാടിക്കിടെയാണ് കുടുംബങ്ങൾ തങ്ങൾക്ക് നേരിട്ട വിവേചനത്തെകുറിച്ച് പരാതി നൽകിയത്. ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ഇവർ ചടങ്ങിനിടെ ഉയർത്തിയിരുന്നു.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഗ്രാമ പഞ്ചായത്തിന്‍റെ യോഗത്തിന് പിന്നാലെയാണ് ഇവർക്ക് ഗ്രാമത്തിൽ നിന്നും വിലക്കേർപ്പെടുത്തിയത്. മീൻ പിടിക്കാനോ, ഗ്രാമത്തിലെ കടകളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാനോ അനുവാദമില്ലെന്നും തിരികെ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് തങ്ങളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നും കുടുംബം പരാതിയിൽ വ്യക്തമാക്കി. തങ്ങളുടെ കുട്ടികൾക്ക് ഗ്രാമത്തിലെ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനും വിലക്കുണ്ടെന്ന് ഇവർ കൂട്ടിച്ചേർത്തു.
കുടുംബത്തിന്‍റെ ആരോപണങ്ങൾ സത്യമാണോ എന്ന് പരിശോധിക്കുമെന്നും ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ അധികാരികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.