ക്രിസ്ത്യൻ പ്രാർഥന യോഗത്തിനെതിരെ കേസ്; സ്ത്രീകളടക്കം ഏഴുപേർ റിമാൻഡിൽ
text_fieldsഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തിൽ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിടികൂടിയത്.
മധ്യപ്രദേശിലെ റെയ്‌സെൻ ജില്ലയിലെ സത്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് നരേന്ദ്ര സിങ് താക്കൂർ, സമീർ മെഹ്‌റ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
സത്‌ലാപൂരിലെ സർക്കാർ സ്‌കൂളിന് സമീപമുള്ള കേസരി പ്രസാദ് നഹാർ മുൻഷി എന്നയാളുടെ വീട്ടിലാണ് ക്രിസ്ത്യൻ പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചത്. പരാതിക്കാരായ നരേന്ദ്ര സിങ് ഠാക്കൂറിനെയും സമീർ മെഹ്‌റയെയും പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഇവർ ഹിന്ദുത്വ സംഘടനകളെ ഇക്കാര്യം അറിയിക്കുകയും പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു.
മധ്യപ്രദേശ് മതംമാറ്റ നിരോധന നിയമത്തിലെ സെക്ഷൻ 3/5 പ്രകാരമാണ് ചന്ദുലാൽ സോൻവാനെ, സാന്ത്രാ ബായ്, പ്രദീപ് ബൻസാൽ, വിജയ് ചൗധരി, ഉമാ ചൗധരി, കൈലാഷ്, മുൻഷി കേസരി പ്രസാദ് നഹർ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഗൗഹർഗഞ്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകളെ ജില്ലാ ജയിലിലും പുരുഷൻമാരെ ഗൗഹർഗഞ്ച് സബ്ജയിലിലുമാണ് റിമാൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.