ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഇടിച്ചുകയറ്റിയ സംഭവം: പരിക്കേറ്റവരിൽ ഇന്ത്യക്കാരും; എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ എംബസി
text_fieldsബർലിൻ: ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പരിക്കേറ്റവരിൽ ഇന്ത്യക്കാരും. ഏഴ് ഇന്ത്യൻ പൗരന്മാർക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരിൽ മൂന്നു പേർ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. പരിക്കേറ്റവർക്കും കുടുംബത്തിനും ബർലിനിലെ ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഇടിച്ചുകയറ്റിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിലപ്പെട്ട നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ചിന്തകളും പ്രാർഥനകളും ഇരകൾക്കൊപ്പമാണെന്നും മന്ത്രാലയം അറിയിച്ചു.
ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. 40 പേരുടെ നില ഗുരുതരമാണ്. 200ലേറെ പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ ബർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയാണ് സംഭവം.
2006ൽ സൗദിയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ താലിബ് എന്ന ഫിസിയോ തെറപ്പി ഡോക്ടറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 400 മീറ്റർ അകലെനിന്നാണ് ഇയാൾ ക്രിസ്മസ് മാർക്കറ്റിനു നേരെ കാർ ഓടിച്ചുകയറ്റിയത്.
ഇസ്‍ലാം മതം ഉപേക്ഷിച്ച ഇയാളുടെ എക്സ് അക്കൗണ്ട് നിറയെ ഇസ്‍ലാം വിരുദ്ധ, വിശ്വാസം ഉപേക്ഷിക്കുന്ന മുസ്‍ലിംകളെ അഭിനന്ദിക്കുന്ന പോസ്റ്റുകളാണ്. സാക്സോണി -അനാൾട്ട് സ്റ്റേറ്റിൽ താമസിക്കുന്ന ഇയാൾ യൂറോപ്പിൽ ഇസ്‍ലാം വളരുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജർമൻ അധികൃതരെ വിമർശിക്കുന്നു.
ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. പിന്നിൽ കുടിയേറ്റ വിരുദ്ധ പക്ഷത്തിന്റെ പങ്ക് സംശയിക്കുന്ന വിലയിരുത്തലുണ്ട്. ആക്രമണം റിപ്പോർട്ട് ചെയ്തയുടൻ സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാം വിരുദ്ധ പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ, പ്രതി മുസ്‍ലിം വിരുദ്ധനാണെന്ന് വ്യക്തമായതോടെ പ്രചാരണം നിലച്ചു. ആക്രമണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് വിശദീകരിച്ച് പൊലീസ് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.