ആഗ്ര-ലഖ്നോ എക്സ്പ്രസ് വേയിൽ വാഹനാപകടം; ഏഴുപേർ മരിച്ചു
text_fieldsഉന്നാവോ/കനൗജ്: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ആഗ്ര-ലഖ്നോ എക്സ്പ്രസ് വേയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ ഏഴുപേർ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഉന്നാവോ എക്സ്പ്രസ് വേയിൽ 60 യാത്രക്കാരുമായി ഗുജറാത്തിലെ രാജ്കോട്ടിൽനിന്ന് നേപ്പാളിലേക്ക് പോകുന്ന ബസ് ട്രക്കിലിടിച്ച് ഡ്രൈവറും മൂന്ന് നേപ്പാൾ പൗരന്മാരും മരിച്ചു.
പരിക്കേറ്റ ആറുയാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അഡീഷനൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിങ് പറഞ്ഞു. ഉന്നാവോയിലെ ഔറസ് മേഖലയിലാണ് അപകടം. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. നേപ്പാളിലെ കൈലാലി ജില്ലയിൽ താമസിക്കുന്ന ചന്ദ്ര സൗദ് (50), ലളിത് സൗദ് (35), നിർമല (25) ബസ് ഡ്രൈവറായ സാജിദ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ആഗ്ര-ലഖ്നോ എക്സ്പ്രസ് വേയിൽ പിപ്രൗലി ഗ്രാമത്തിൽ 30 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് മറിഞ്ഞു. സംഭവത്തിൽ മൂന്ന് യാത്രക്കാർ മരിച്ചതായും 18 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. മരിച്ച മൂന്നുപേരും റായ്ബറേലി ജില്ലക്കാരാണ്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.