ത്രിപുരയിൽ പാളയത്തിൽ പട; മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എമാർ
text_fieldsന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി ഏഴ് ബി.ജെ.പി എം.എൽ.എമാർ. ഏകാധിപത്യ ഭരണമാണ് ബിപ്ലബ് നടത്തുന്നതെന്നും പരിചയ സമ്പത്തും ജനസമ്മിതിയുമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റണമെന്നുമാണ് എം.എൽ.എമാരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ഇവരെത്തിയെങ്കിലും മുതിർന്ന നേതാക്കളാരും ചർച്ചക്കൊരുങ്ങിയിട്ടില്ലെന്നാണ് സൂചന.
എം.എൽ.എ സുധീപ് റോയ് ബർമെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെത്തിയത്. മൂന്ന് എം.എൽ.എമാർ കൂടി തങ്ങളെ പിന്തുണക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം. നിലവിൽ 60 അംഗ നിയമസഭയിൽ 36 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്.
ആശിഷ് ഷാ, ആശിഷ് ദാസ്, ദിവ ചന്ദ്ര, ബർബ് മോഹൻ, പരിമൽ ദേബ് ബർമ്മ, രാം പ്രസാദ് പാൽ, സുദീപ് റോയ് ബർമൻ എന്നിവരാണ് ഡൽഹിയിലെത്തിയത്. സുശാന്ത ചൗധരി, ബീരേന്ദ്ര കിഷോർ ദേബ് ബർമ്മൻ, ബിപ്ലബ് ഘോഷ് എന്നിവരുടെ പിന്തുണയും എം.എൽ.എമാർ അവകാശപ്പെടുന്നുണ്ട്. കോവിഡിനെ തുടർന്നാണ് ഇവർ ഡൽഹിയിലെത്താതിരുന്നതെന്നാണ് വിശദീകരണം.
അതേസമം, ത്രിപുരയിലെ ബി.ജെ.പി സർക്കാർ സുരക്ഷിതമാണെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് മണിക് ഷാ പറഞ്ഞു. ഏേഴാ എട്ടോ എം.എൽ.എമാർക്ക് സർക്കാറിനെ മറിച്ചിടാനാവില്ല. എം.എൽ.എമാരുമായി ചർച്ച നടത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനാണ് എം.എൽ.എമാർ ഡൽഹിയിലെത്തിയിരിക്കുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.