പി.എം കെയേഴ്സിൽ നിന്ന് ലഭിച്ച വെൻറിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല; 80ൽ 71ഉം കേടുവന്നത്
text_fieldsഫരീദ്കോട്ട്: ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജിലേക്ക് പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് ലഭിച്ച 80 വെൻറിലേറ്ററുകളിൽ 71ഉം തകരാറിലെന്ന് ഡോക്ടർമാർ. ലഭിച്ച വെൻറിലേറ്ററുകളിൽ ഭൂരിഭാഗവും തകരാറിലായതായും മറ്റുള്ളവ കൃത്യമായല്ല പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പി.എം കെയേഴ്സ് വെൻറിലേറ്ററുകൾ നിലവാരമില്ലാത്തതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
യന്ത്രങ്ങളുടെ ഗുണനിലവാരം ഗണ്യമായി കുറവാണെന്ന് ബാബാ ഫരീദ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂർ പറഞ്ഞു.'തകരാർ പരിഹരിക്കുന്ന ഒരു ടീമില്ലാതെ ഇവ പ്രവർത്തിപ്പിക്കാനാവില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റകുറ്റപ്പണികൾക്കായി എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറി അനുമതി നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ അവർ ഫരീദ്‌കോട്ടിലെത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ നേരത്തേ 39 വെൻറിലേറ്ററുകൾ ഉണ്ടായിരുന്നു, അതിൽ രണ്ടെണ്ണം പ്രവർത്തനരഹിതമായിരുന്നു. നിലവിൽ 310 ഓളം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചതിനാൽ സ്ഥിതി ആശങ്കാജനകമാണ്.
കേന്ദ്രം അയച്ച വെൻറിലേറ്ററുകളെ വിശ്വസിക്കാനാവില്ലെന്ന് ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുകളും തീവ്രപരിചരണ ഡോക്ടർമാരും പറയുന്നു. ഓരോ രോഗിയുടെയും ഓക്സിജൻ ആവശ്യകതയും ഉപഭോഗവും വ്യത്യസ്തമായതിനാൽ വ്യത്യസ്ത തലങ്ങളിൽ ഓക്സിജൻ നൽകുക എന്നതാണ് വെൻറിലേറ്ററിെൻറ പ്രധാന പ്രവർത്തനം. പുതിയ വെൻറിലേറ്ററുകൾ ഉപയോഗിച്ച അരമണിക്കൂറിനുള്ളിൽ മർദ്ദം കുറയുന്നുവെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. 'പുതിയ വെൻറിലേറ്ററുകൾ ഉപയോഗിക്കുമ്പോൾ നാം വളരെ ശ്രദ്ധാലുവായിരിക്കണം. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഒരാൾ രോഗിയുടെ അടുത്ത് എപ്പോഴും നിൽക്കേണ്ടിവരുന്നതിനാൽ ഇത് വലിയ വെല്ലുവിളിയാണ്. ഇത് നിലവിലെ സാഹചര്യങ്ങളിൽ ശരിക്കും ബുദ്ധിമുട്ടാണ്'-ഒരു ഡോക്ടർ പറഞ്ഞു.
'ഞങ്ങൾ സർക്കാറിനോട് ഈ പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ നൽകിയിട്ടുള്ള വെൻറിലേറ്ററുകളുടെ ഗുണനിലവാരം ഗണ്യമായി കുറവാണെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. കൂടാതെ ഫംഗ്ഷണൽ മെഷീനുകളും നിരന്തരം തകരാറിലാകുന്നു. അതിനാൽ ഞങ്ങൾക്ക് ഒരു റിപ്പയർ സംവിധാനം ഉണ്ടാകുന്നതുവരെ രോഗികൾക്ക് ഇവ ഉപയോഗിക്കാൻ കഴിയില്ല'-ജിജിഎസ്‌എംസിഎച്ചിന് കീഴിൽവരുന്ന ബാബ ഫരീദ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂർ പറഞ്ഞു. 'വെൻറിലേറ്ററുകൾ നൽകിയിട്ടുള്ള ഏജൻസിയുമായി ദീർഘകാലത്തേക്ക് സമഗ്രമായ അറ്റകുറ്റപ്പണി കരാർ ഞങ്ങൾക്ക് ആവശ്യമുണ്ട്'-ഡോ. ബഹാദൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.