ലോകോളജിൽ പഠിച്ചത് രണ്ട് വർഷം മാത്രം,14 വർഷം അഭിഭാഷകവൃത്തി; വ്യാജ സർട്ടിഫിക്കറ്റുകളുമായി 72 കാരി അറസ്റ്റിൽ
text_fieldsമുംബൈ: 2008 മുതൽ മുബൈയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തു വന്ന വ്യാജ അഭിഭാഷക അറസ്റ്റിൽ. പടിഞ്ഞാറൻ ബാന്ദ്രയിൽ താമസിക്കുന്ന 72 വയസ്സുകാരി മന്ദാകിനി കാശിനാഥ് സോഹിനിയെയാണ് ബി.കെ.സി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സോഹിനിയെ സെപ്റ്റംബർ 20 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുംബൈയിലെ അഭിഭാഷകനായ അക്ബറലി മുഹമ്മദ് ഖാനാണ് സോഹിനിക്കെതിരെ കേസ് കൊടുത്തത്. പ്രതി അഭിഭാഷകയല്ലെന്നും വർഷങ്ങളായി സെഷൻസ്, കുടുംബ കോടതികളിലുൾപ്പെടെ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും അക്ബറലി പരാതിയിൽ പറഞ്ഞിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ ജൂലൈ 15ന് ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ സോഹിനി ഹാജരാകാൻ പൊലീസ് സമ്മൻസ് അയച്ചിരുന്നു. എന്നാൽ അന്ന് അവർ ഹാജരായിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സമർപ്പിക്കുന്നത്. വിശദമായ പരിശോധനയിൽ നിന്ന് സർട്ടിഫിക്കറ്റുകളും കോടതിയിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസും വ്യാജമാണെന്ന് കണ്ടെത്തി. മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിലുകളിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതി 1977ൽ ഗവൺമെന്റ് ലോ കോളജിൽ രണ്ടു വർഷം പഠിച്ചിരുന്നു. ഒരു അംഗീകൃത ബിരുദം ഇല്ലാതെയാണ് അവർ കോടതികളിൽ പ്രാക്ടീസ് ചെയ്തത്. ഇത്തരം വ്യാജന്മാർ അഭിഭാഷകവൃത്തിയെ അപകീർത്തിപ്പെടുത്തുകയാണ്. ബാർ കൗൺസിലിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് അക്ബറലി മുഹമ്മദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.