72കാരന് ആദ്യം ലഭിച്ചത് കോവാക്സിൻ, രണ്ടാമത് കോവിഷീൽഡ്, എന്തു സംഭവിക്കുമെന്നറിയാതെ പരിഭ്രാന്തിയിൽ വീട്ടുകാർ
text_fieldsമുംബൈ: 72കാരനായ വൃദ്ധന് രണ്ട് തവണകളായി ലഭിച്ചത് വിവിധ വാക്സിനുകൾ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് അധികൃതർ വാക്സിനുകൾ മാറി നൽകിയത്.
മാർച്ച് 22നാണ് ഇദ്ദേഹം കോവാക്സിന്‍റെ ആദ്യ ഡോസ് എടുത്തത്. ഭാരത് ബയോടെക് നിർമിച്ച ഈ വാക്സിൻ അദ്ദേഹം സ്വീകരിച്ച്ത് മുംബൈയിൽ നിന്നും 420 കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമപ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ്.
രണ്ടാം ഡോസ് ഏപ്രിൽ 30നാണ് ഇദ്ദേഹം എടുത്തത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സിൻ അദ്ദേഹം സ്വീകരിച്ചത് മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. കുറച്ച് ദിവസം മുമ്പാണ് രണ്ട് തരം വാക്സിനുകളാണ് താൻ സ്വീകരിച്ചതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.
വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച മകനാണ് പിതാവിന് രണ്ട് തവണകളായി ലഭിച്ചത് രണ്ടുതരം വാക്സിനുകളാണെന്ന് മനസ്സിലായത്. ആദ്യം ലഭിച്ച പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ കോവാക്സിൻ എന്നും ഫൈനൽ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അക്ഷരാഭ്യാസമില്ലാത്തയാളാണ് ദത്തത്രേയ വാഗ്മറെ. തനിക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്ന് മകൻ ദിഗംബർ വെളിപ്പെടുത്തി. ഈ സാഹചര്യത്തിൽ വാക്സിനുകൾ കൃത്യമായി നൽകുക എന്നത് അധികൃതരുടെ ഉത്തരവാദിത്തമായിരുന്നു എന്നും ദിഗംബർ പറഞ്ഞു.
രണ്ടാം ഡോസ് വാക്സിൻ എടുത്തതുമുതൽ പിതാവിന് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മേലാസകലം തടിച്ചുപൊന്തിയായതായി കാണുന്നു. എന്തു സംഭവിക്കുമെന്നറിയാതെ പരിഭ്രാന്തിയിലാണ് കുടുബാംഗങ്ങൾ എന്നും ദിഗംബർ പറഞ്ഞു.
സംഭവത്തിൽ അധികൃതർക്ക് കുടുബാംഗങ്ങൾ പരാതി നൽകി. വാക്സിൻ മാറി നൽകിയതെങ്ങനെ എന്ന വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.