വയോധികൻ പെട്ടന്ന് മരിക്കാൻ ഫ്രീസറില്‍ കിടത്തി; 20 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്
text_fieldsചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് അസുഖ ബാധിതനായ വയോധികനെ മരിക്കാൻ വേണ്ടി ഫ്രീസറിൽ കിടത്തി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ 74കാരനെ ബന്ധുക്കൾ രാത്രിമുഴുവൻ ഫ്രീസറിൽ കിടത്തുകയായിരുന്നു. 20 മണിക്കൂറോളമാണ് ഇയാൾ ഫ്രീസറിൽ കിടന്നത്.
സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിലാണ് സംഭവം. അസുഖ ബാധിതനായ ബാലസുബ്രഹ്മണ്യ കുമാർ പെട്ടന്ന് മരിക്കുന്നതിന് വേണ്ടി സഹോദരനും കുടുംബവും അദ്ദേഹത്തെ ഫ്രീസറിൽ കിടത്തുകയായിരുന്നു. ഫ്രീസർ എത്തിച്ചു നൽകിയ ഏജൻസിക്കാരാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഇളയ സഹോദരന്‍ ശരവണൻെറ കൂടെയാണ് ബാലസുബ്രഹ്മണ്യം താമസിച്ചിരുന്നത്. അസുഖ ബാധിതനായി കിടപ്പിലായ ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ നിന്നും മടക്കിയതോടെ പെട്ടന്ന് മരണം സംഭവിക്കാൻ സഹോദരൻ ഫ്രീസർ വാടകക്കെടുത്ത് അതിൽ കിടത്തുകയായിരുന്നു.
തിങ്കളാഴ്ച ഫ്രീസര്‍ ബോക്‌സ് കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസര്‍ വേണമെന്ന് ശരവണന്‍ ആവശ്യപ്പെട്ടു. ബാലസുബ്രഹ്മണ്യത്തിൻെറ മൃതദേഹം സൂക്ഷിക്കാനെന്ന് പറഞ്ഞാണ് ഫ്രീസര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വൈകീട്ട് നാലുമണിയോടെ ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാര്‍ അതിനകത്തുള്ളയാൾ അനങ്ങുന്നത് കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സഹോദരൻ മരിച്ചെന്ന ധാരണയില്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് ശരവണനും കുടുംബാംഗങ്ങളും മൊഴി നൽകി. എന്നാൽ ഇവർ മരണം ഉറപ്പാക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയോ ആരോഗ്യവിദഗ്ധരെ വീട്ടില്‍ വിളിച്ചുവരുത്തുയോ ചെയ്തിട്ടില്ല. ബാലസുബ്രഹ്മണ്യ കുമാറിൻെറ ബന്ധുക്കള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉളളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.