നാഷനൽ ഡിഫൻസ് അക്കാദമിക്ക് 75
text_fieldsപുണെ: ഇന്ത്യൻ സൈന്യത്തിലേക്ക് എണ്ണമറ്റ നേതൃനിരയെ സംഭാവന ചെയ്ത നാഷനൽ ഡിഫൻസ് അക്കാദമിക്ക് (എൻ.ഡി.എ) 75 വയസ്സ്. 1954ൽ സ്ഥാപിതമായി ഏതാനും വർഷങ്ങൾക്കകംതന്നെ ലോകത്തെ മികവുറ്റ സൈനിക പരിശീലന സ്ഥാപനമായി എൻ.ഡി.എ മാറി. അത്യാധുനിക പ്രതിരോധ-യുദ്ധതന്ത്രങ്ങൾ രാജ്യത്തിനായി പുതുതലമുറക്ക് പകർന്നുകൊടുക്കുന്ന എൻ.ഡി.എയിലെ പ്രവേശനം സൈനിക ഓഫിസർ ജോലി ലക്ഷ്യംവെക്കുന്നവരുടെയെല്ലാം സ്വപ്നമാണ്.
സ്ഥാപനത്തിലെ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവേ, സംയുക്തസേന മേധാവി ജനറൽ അനിൽ ചൗഹാൻ 46 വർഷം മുമ്പ്, 16ാം വയസ്സിൽ എൻ.ഡി.എയിൽ എത്തിയ കാലം ഓർമിച്ചു. ഉരുക്കുനിർമിച്ചെടുക്കുന്ന ചൂളയാണ് ഈ സ്ഥാപനം. കല്ലുകളെ രത്നങ്ങളാക്കി മാറ്റുന്ന ഇടം എന്നും പറയാം. അലക്ഷ്യമനോഭാവമുള്ള യുവതയെ കാര്യക്ഷമതയുള്ള നേതൃത്വത്തിലേക്ക് ഉയർത്താൻ സ്ഥാപനത്തിനായി.
വൈവിധ്യങ്ങളെ ആദരവോടെ കാണാനുള്ള പാഠങ്ങളും പകരാൻ എൻ.ഡി.എക്ക് കഴിഞ്ഞു -അദ്ദേഹം തുടർന്നു. നേരത്തെ നിലവിലുണ്ടായിരുന്ന ജോയന്റ് സർവിസസ് വിങ്ങിന്റെ ആദ്യ ബാച്ചിൽ പഠിച്ച, ഇപ്പോൾ 92 വയസ്സുള്ള മേജർ ജനറൽ (റിട്ട.) വി.കെ. മധോക് ആയിരുന്നു ചടങ്ങിലെ ഏറ്റവും പ്രായം കൂടിയ ആൾ. ജനറൽ എസ്.എഫ്. റൊഡ്രീഗസ്, എയർചീഫ് മാർഷൽ എൻ.സി. സൂരി, അഡ്മിറൽ എൽ. രാമദാസ് എന്നിവർ ആദ്യ ബാച്ചിലുള്ളവരായിരുന്നു. മൂന്ന് സേനകളുടെയും ഇപ്പോഴത്തെ അധിപന്മാരും ഒരേ ബാച്ചുകാരാണ്. യു.എസിലെ സൈനിക അക്കാദമിയുടെ മാതൃകയിലാണ് (യു.എസ്.എം.എ) അന്ന് എൻ.ഡി.എ വിഭാവനം ചെയ്തത്.
ഡറാഡൂണിൽ പ്രവർത്തിച്ച ഇന്ത്യൻ സൈനിക അക്കാദമി 1946ൽ പേരുമാറ്റി ആംഡ് ഫോഴ്സസ് അക്കാദമിയാക്കുകയും അതിനെ ഇന്റർ സർവിസസ് വിഭാഗവും (പിന്നീട് ജോയന്റ് സർവിസസ് വിങ്) സൈനിക വിഭാഗവുമായി വിഭജിക്കുകയും ചെയ്തു. 1949 മുതൽ മൂന്ന് വിഭാഗങ്ങളുടെയും സംയുക്ത പരിശീലനം ഇന്റർ സർവിസസ് വിഭാഗത്തിലായി. 1949 ജനുവരി 16നാണ് ആദ്യമായി എൻ.ഡി.എ സ്ഥാപക ദിനമായി ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.