വംശഹത്യ ആഹ്വാനങ്ങളിൽ ജുഡീഷ്യറി ഇടപെടണമെന്ന് ആവശ്യപ്പെട്ട് 76 അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തെഴുതി
text_fieldsന്യൂഡൽഹി: ഡൽഹിയിലും ഹരിദ്വാറിലുമായി ഈയിടെ നടന്ന മത പരിപാടികളിൽ വംശഹത്യയ്ക്ക് ആഹ്വാനമുണ്ടായ സംഭവത്തിൽ ജുഡീഷ്യറിയടെ ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് കത്തയച്ചു. സുപ്രീംകോടതിയിലെ 76 മുതിർന്ന അഭിഭാഷകരാണ് ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. വംശീയ ഉൻമൂലനത്തിന് ആഹ്വാനം നടത്തിയ ആളുകളുടെ പേരുവിവരങ്ങളടക്കം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .
ഈ സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുളള അനാസ്ഥക്കെതിരെ അടിയന്തര ജൂഡീഷ്യൽ ഇടപെടൽ ആവശ്യമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ഡൽഹിയിലും ഹരിദ്വാറിലുമായി നടത്തിയ പ്രസംഗങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് ഒരു സമൂഹത്തെയാകെ ഉന്മൂലനം ചെയ്യാനുള്ള തുറന്ന ആഹ്വാനത്തിന് തുല്യമാണ്. നമ്മുടെ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മാത്രമല്ല, ദശലക്ഷക്കണക്കിന് മുസ്ലിം പൗരന്മാരുടെ ജീവനുകൂടി ഭീഷണിയാണ് ആ പ്രസംഗങ്ങളെന്ന് കത്തിൽ പറയുന്നു.
ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ, സൽമാൻ ഖുർഷിദ്, പട്ന ഹൈക്കോടതി മുൻ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ അഭിഭാഷകരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്.
ഹരിദ്വാറിൽ വംശഹത്യക്ക് ആഹ്വാനം ചെയ്തുള്ള പരിപാടി നടന്ന് നാല് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്. വിദ്വേഷ പ്രസംഗങ്ങളെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. ആദ്യം ഒരാളുടെ പേരിൽ മാത്രം കേസെടുത്ത പോലീസ് പിന്നീട് ധർമ ദാസ്, സാധ്വി അന്നപൂർണ്ണയുടേയും പേരുകൾ കൂട്ടിച്ചേർത്തു.
മ്യാൻമാർ മാതൃകയിൽ സൈന്യവും പൊലീസും രാഷ്ട്രീയക്കാരും മറ്റെല്ലാം ഹിന്ദുക്കളും ആയുധമെടുത്ത് 20 ലക്ഷം പേരെ ഉൻമൂലനം ചെയ്യാനിറങ്ങണമെന്ന് സാധ്വി അന്നപൂർണ പ്രസംഗിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.