‘ഇരുട്ടു വീണാൽ ഡൽഹിയിലെ ബസുകളിൽ കയറാൻ ഭയം’; യാത്ര സുരക്ഷിതമല്ലെന്ന് 77 ശതമാനം സ്ത്രീകൾ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബസുകളിൽ ഇരുട്ടു വീണാൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് 77 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ഗ്രീൻപീസ് ഇന്ത്യയുടെ ‘റൈഡിങ് ദ് ജസ്റ്റിസ് റൂട്ട്’ റിപ്പോർട്ട്. ബസിനുള്ളിലെ വെളിച്ചക്കുറവും സർവീസുകളുടെ എണ്ണത്തിലുള്ള കുറവും സുരക്ഷാ വെല്ലുവിളി ഉയർത്തുന്നു. തിരക്ക് കൂടുമ്പോൾ ബസ് ജീവനക്കാരുടെ പെരുമാറ്റം കൂടുതൽ പരുഷമാകുന്നു. ബസ് ജീവനക്കാരിൽനിന്ന് അധിക്ഷേപം നേരിടുന്നതായി നിരവധിപേർ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ഡൽഹി സർക്കാറിന്റെ ‘പിങ്ക് ടിക്കറ്റ്’ 100 കോടി പിന്നിട്ട വേളയിലാണ് റിപ്പോർട്ട് പുറത്തുവന്നത്. 2019 ഒക്ടോബറിൽ പദ്ധതി അവതരിപ്പിച്ചതിനു ശേഷം വനിതാ യാത്രികരുടെ എണ്ണം 25 ശതമാനം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളും ടാക്സികളും യാത്രക്കായി ഉപയോഗിച്ച നിരവധിപേർ ഇപ്പോൾ പൊതു ഗതാഗതം ഉപയോഗിക്കുന്നുണ്ട്. ഇതുവഴി യാത്രാച്ചെലവിനുള്ള പണം വീട്ടാവശ്യങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കുമായി വനിതകൾക്ക് ഉപയോഗിക്കാൻ കഴിയുന്നു. ഡൽഹിയിലെ മലിനീകരണത്തോത് കുറക്കാനും പദ്ധതി സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സുസ്ഥിര വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനുമായി പിങ്ക് ടിക്കറ്റ് പോലുള്ള പദ്ധതികൾ കൂടുതൽ സംസ്ഥാനങ്ങൾ നടപ്പാക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. വനിതകൾക്കു പുറമെ ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര അനുവദിക്കണം. എന്നാൽ പൊതുഗതാഗത സംവിധനത്തിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തവും സർക്കാറുകൾക്ക് ഉണ്ടെന്ന് ഓർമിപ്പിക്കുന്ന റിപ്പോർട്ട്, ഡൽഹിയിലെ വനിതാ യാത്രികരുടെ ആശങ്ക പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.