ക്രിസ്ത്യാനികളെ ആക്രമിക്കുന്നു, പള്ളികൾ തകർക്കുന്നു; രാജ്യത്ത് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് 79 ക്രിസ്ത്യൻ സംഘടനകൾ സമരത്തിന്
text_fieldsന്യൂഡൽഹി: ക്രിസ്ത്യാനികൾക്കുനേരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങളിൽ സംഘടിതമായി പ്രതികരിക്കാനൊരുങ്ങി ക്രൈസ്‌തവ സംഘടനകൾ. നാളെ ജന്തർമന്ദറിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യത്ത് സംരക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ക്രൈസ്‌തവ നേതാക്കൾ നിവേദനവും നൽകും.
79 സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ കഴിഞ്ഞ മാസം ക്രിസ്ത്യൻ പള്ളി അടിച്ചുതകർത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മധ്യപ്രദേശിലെ പലയിടങ്ങളിലും സമാനമായ ആക്രമണങ്ങൾ നടക്കുകയും പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. മതപരിവർത്തനത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് പുരോഹിതരെ അറസ്റ്റ് ചെയ്തത്. കൂടാതെ, ക്രൈസ്തവ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം നടത്തുന്നവരെ തുടർച്ചയായി കോടതി വെറുതേവിടുന്ന സാഹചര്യമുണ്ട്.
ഇത് കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. കേന്ദ്രസേന ക്രൈസ്‌തവ പുരോഹിതന്മാർക്ക് സംരക്ഷണം നൽകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതൻമാരെയും കന്യാസ്ത്രീകളെയും ഹിന്ദുത്വ സംഘടനകൾ ആക്രമിക്കുന്നത് രാജ്യത്ത് പതിവായിരിക്കുകയാണ്. കർണാടകയിൽ നിരന്തരം ഇത്തരത്തിലുള്ള അതിക്രമങ്ങൾ അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.