Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിനെ കുറിച്ച്...

മണിപ്പൂരിനെ കുറിച്ച് മോദി മിണ്ടിയത് സംഘർഷം തുടങ്ങി 79 ദിവസങ്ങൾക്കുശേഷം!

text_fields
bookmark_border
Narendra Modi
cancel

രു സംസ്ഥാനം നിന്നുകത്തുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനത്തിലായിരുന്നു. ഈ കാലയളവിൽ യു.എസും ഫ്രാൻസും ഉൾപ്പെടെ വിദേശ പര്യടനങ്ങളിൽ വാതോരാതെ പ്രസംഗിക്കുന്നതിനിടയിലെ ഇടവേളകളിൽപോലും നരേന്ദ്ര മോദിയെന്ന ഭരണാധികാരി മണിപ്പൂരിനെ കുറിച്ച് ഒന്നുമുരിയാടിയില്ല. ഇരുസമുദായങ്ങൾക്കിടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് മാസങ്ങൾ പിന്നിട്ടിട്ടും ‘അരുത്’ എന്നു പറയാനോ അക്രമികൾക്ക് താക്കീതു നൽകാനോ പ്രധാനമന്ത്രി മുതിർന്നിരുന്നില്ല. ഒടുവിൽ, 79 ദിവസത്തെ മൗനത്തിനുശേഷം ഇപ്പോൾ മോദി മിണ്ടിയിരിക്കുന്നു. മണിപ്പൂരിലെ രണ്ട് യുവതികളെ അക്രമാസക്തരായ ആൾക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ രാജ്യത്തുടനീളം സൃഷ്ടിച്ച കടുത്ത രോഷപ്രകടനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പക്ഷേ, ഇതിനകം 157 പേർക്ക് അക്രമസംഭവങ്ങളിൽ ജീവഹാനി സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. പതിനായിരക്കണക്കിനാളുകൾ ജീവരക്ഷക്കായി ജന്മനാട്ടിൽനിന്ന് പലായനം ചെയ്തു. നിരവധി കടകളും വീടുകളും അഗ്നിക്കിരയായി. ആയിരക്കണക്കിന് മണിപ്പൂരുകാർ തലചായ്ക്കാൻ താൽക്കാലിക ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളൊന്നടങ്കം പ്രധാനമന്ത്രി തുടരുന്ന മൗനത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കിയിട്ടും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം നടത്തിയ മൻ കി ബാത്തിലും മണിപ്പൂരിനെപ്പറ്റി ഒരു പരാമർശവുമുണ്ടായില്ല. ഒടുക്കം, മണിപ്പൂരിൽ യുവതികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യാഴാഴ്ച കർശന നിർദേശം നൽകി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾക്കത് ചെയ്യേണ്ടിവരുമെന്നും സുപ്രീം കോടതി കേന്ദ്രസർക്കാറിനെ ഉണർത്തിയതോടെ വിഷയത്തിൽ പ്രതികരിക്കേണ്ടത് അനിവാര്യമായി മാറുകയായിരുന്നു. സംഘ് അനുകൂല നിലപാട് സ്വീകരിക്കുന്ന ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധിപേർ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നതും ​പ്രധാനമന്ത്രിയെ പ്രതികരിക്കാൻ നിർബന്ധിതനാക്കി. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്ര​ദ്ധേയമാണ്.

‘ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു. മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ല. എന്റെ ഹൃദയം ദേഷ്യത്താലും വേദനയാലും നിറയുകയാണ്. മണിപ്പൂരിൽ നടന്ന സംഭവം ഏതൊരു ജനസമൂഹത്തിനും അപമാനകരമാണ്. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രിമാർ കടുത്ത നടപടികളെടുക്കണം. സ്ത്രീസുരക്ഷക്കും പ്രാധാന്യം നൽകണം. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ കടുത്ത നടപടികൾ ആവശ്യമാണ്. അത് രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പൂരിലോ രാജ്യത്തെ മറ്റെവിടെയായാലും രാഷ്ട്രീയക്കാർ കേവലപ്രസംഗങ്ങൾക്കപ്പുറം സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം’ - -ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മോദി മണിപ്പൂരിനെ പരാമർശിക്കുന്നതോടൊപ്പം കോൺഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളുടെ പേരുകൾ മനഃപൂർവം എടുത്തിട്ടതാണെന്നും വിമർശനമുയർന്നിട്ടുണ്ട്. മണിപ്പൂരിലുണ്ടായതുപോലൊരു അക്രമ സംഭവങ്ങൾ സമീപകാലത്തൊന്നും ഈ രണ്ടു സംസ്ഥാനങ്ങളിലും നടന്നിട്ടില്ല.


ഒന്നര മാസത്തിലേറെ നീണ്ട മൗനത്തിനുശേഷം പ്രതികരിച്ചപ്പോഴും മണിപ്പൂർ സംഘർഷത്തെപ്പറ്റി പ്രധാനമന്ത്രി ഒന്നും ഉരിയാടിയിട്ടില്ല. സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തെക്കുറിച്ചുമാത്രമായിരുന്നു പ്രതികരണം. സംസ്ഥാനവ്യാപകമായി നടന്ന അക്രമങ്ങളെക്കുറിച്ചും നിരവധിപേർ മരിച്ചതിനെക്കുറിച്ചും വീടും സ്വത്തുക്കളുമെല്ലാം തകർത്തതിനെക്കുറിച്ചുമൊന്നും മോദി ഇ​പ്പോഴും ഒന്നും പറഞ്ഞിട്ടില്ല. ​പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനോടും പുറംതിരിഞ്ഞുനിന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചിട്ടും മോദി ഉൾപെടെ കേന്ദ്ര സർക്കാറിന്റെ പ്രതിനിധികളാരും അവിടേക്കെത്തിയില്ല.


മെയ് മൂന്നിനാണ് കുകി, മെയ്തി വിഭാഗക്കാർക്കിടയിൽ സംഘർഷം തുടങ്ങിയത്. മെയ്തി വിഭാഗക്കാരെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപെടുത്തണമെന്ന ആവശ്യത്തിനെതിരെ കുക്കി വിഭാഗം ‘ട്രൈബൽ സോളിഡാരിറ്റി മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെ സംഘർഷം ഉടലെടുക്കുകയായിരുന്നു. കുക്കികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് മാർച്ച് നടന്നത്. ഇതിനെ ചെറുക്കാൻ മെയ്തി വിഭാഗം രംഗത്തിറങ്ങിയതോടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiManipurManipur issue
News Summary - 79 Days After Violence Broke Out, Narendra Modi Finally Talks About Manipur
Next Story