794 മുറി, 11 നില; ലഹരി പാർട്ടി നടന്ന കൊർഡെലിയ കപ്പലിൽ കൊട്ടാര സമാന സൗകര്യങ്ങൾ
text_fieldsമുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കമുള്ള പ്രമുഖർക്ക് പങ്കുണ്ടെന്ന് കരുതുന്ന ലഹരി പാർട്ടി നടന്നത് ഒഴുകുന്ന ആഡംബര കൊട്ടാരത്തിൽ. 794 റൂമുകളുള്ള, ഫൈവ്സ്റ്റാറിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് ലഹരി പാർട്ടി നടത്തിയ കൊർഡെലിയ (cordelia). മുംബൈ -കൊച്ചി സർവിസും ഇവർ നടത്തുന്നുണ്ട്.
അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻെറ പഴയ ക്രൂയിസ് കപ്പലാണിത്. പക്ഷേ, എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ, ബാറുകൾ, റെസ്റ്റോറൻറ്, ഫിറ്റ്നസ് ഏരിയ, പ്ലേയിങ് ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങൾ, കാസിനോ, തിയറ്ററുകൾ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തിലുണ്ട്. കെൽറ്റിക് ഭാഷയിൽ കടലിൻെറ മകളെന്നാണ് 'കൊർഡെലിയ'യുടെ അർത്ഥം.
1800 യാത്രക്കാരെ വഹിക്കാൻ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികൾക്കായുള്ള വലിയ േപ്ല ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു.
ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സിയാണ് കൊർഡെലിയ ക്രൂയിസ് കപ്പൽ സർവിസ് ഓപറേറ്റ് ചെയ്യുന്നത്. രണ്ട് രാത്രിയും ഒരു പകലും നീളുന്ന കപ്പൽ യാത്രക്ക് മുംബൈയിൽ നിന്ന് 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൊച്ചിയിൽനിന്ന് 30,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.
ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് കൊർഡെലിയ
ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് ആഡംബര കപ്പലായ കൊർഡെലിയ സി.ഇ.ഒ ജുർഗെൻ ബായ്ലോം. ചില യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ കപ്പലിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പൽ വൈകിയതിൽ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു.
പാർട്ടി നടത്തിയത് ഫാഷൻ ടി.വിലഹരി പിടികൂടിയ 'ക്രേ ആർക്ക്' എന്ന ഡി.ജെ പാർട്ടി നടത്തിയത് ഫാഷൻ ടി.വി. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ റാവോൽ കെ, ഇന്ത്യയിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, പാർട്ടി തുടങ്ങി മണിക്കൂറുകൾക്കകം തന്നെ രഹസ്യവിവരത്തെ എൻ.സി.ബി സംഘം കപ്പൽ റെയ്ഡ് ചെയ്യുകയായിരുന്നു.
പിടിച്ചെടുത്തത് വമ്പൻ ലഹരി വസ്തുക്കൾ
മുംബൈയിൽ നിന്നും ഗോവയിലേക്ക് യാത്രതിരിച്ച കപ്പലിൽ നടത്തിയ റെയ്ഡിൽ രണ്ട് സ്ത്രീകളുൾപ്പടെ എട്ട് പേരാണ് ഇതിനകം അറസ്റ്റിലായത്. എം.ഡി.എം.എ, എകാസ്റ്റേ, കൊക്കൈയ്ൻ, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്. തുടർന്ന് നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന് ലഹരിവസ്തുക്കൾ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.