സർക്കാറുമായി ചർച്ച ഇന്ന്; കർഷകർ മഴയത്ത്
text_fieldsന്യൂഡൽഹി: കൊടും തണുപ്പിനിടയിൽ പെയ്ത കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ അതിർത്തിയിൽ കർഷകർ.
കനത്ത മഴയിൽ സമരസ്ഥലങ്ങളിൽ വെള്ളക്കെട്ടുയർന്നിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. കർഷകരും സർക്കാറും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കർഷകരെ ദുരിതത്തിലാക്കി മഴ വന്നത്. വെള്ളം കെട്ടിനിൽക്കുന്ന ക്യാമ്പുകളിൽ തണുപ്പകറ്റാനുള്ള കമ്പിളിപ്പുതപ്പുകൾ നനഞ്ഞ് കുതിർന്ന് സമരക്കാർ കഠിന ദുരിതത്തിലാണ്.
സമര സിരാകേന്ദ്രമായ സിംഘുവിലെ ക്യാമ്പുകളിലേക്ക് കയറിയ വെള്ളം ഒഴുക്കിവിട്ട ശേഷമാണ് കർഷകർക്ക് കയറാനായത്. തണുപ്പ് ചെറുക്കാൻ കർഷകർ ഉണ്ടാക്കിയ ക്രമീകരണങ്ങൾ മഴയിൽ ഇല്ലാതായെന്ന് ടിക്രി അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന ഭാരതീയ കിസാൻ യൂനിയൻ (ഉഗ്രഹാൻ) നേതാവ് സുഖ്ദേവ് സിങ് പറഞ്ഞു.
ഇന്ന് നടക്കുന്ന ചർച്ചയിൽ തങ്ങളുടെ പ്രധാന ആവശ്യങ്ങളായ മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിലും താങ്ങുവിലക്ക് നിയമ പരിരക്ഷ നൽകുന്നതിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് 'കിസാൻ പരേഡ്' നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനമില്ലെങ്കിൽ ഇൗ മാസം ആറിന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ വ്യക്തമാക്കി.
ചർച്ചക്ക് മുന്നോടിയായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഞായറാഴ്ച ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.