ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചു
text_fieldsഹൈദരബാദ്: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ആന്ധ്രയിലെ നെല്ലൂരിലാണ് അപകടമുണ്ടായത്.
പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡു കണ്ടുക്കർ നഗരത്തിൽ സംസാരിക്കാനിരിക്കെയാണ് ദുരന്തം ഉണ്ടായത്. ചന്ദ്രബാബു നായിഡു എത്തിയതോടെ തന്നെ വലിയ തിരക്കുണ്ടാകുകയായിരുന്നു. നായിഡുവിനെ കാണാൻ ജനങ്ങൾ തിരക്കു കൂട്ടുന്നതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകൾ അതിൽ വീഴുകയായിരുന്നു. അപകടത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടന്നയുടനെ ചന്ദ്രബാബു നായിഡു യോഗം റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഇവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് നായിഡു സംസ്ഥാനത്ത് വിവിധ പരിപാടികൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.