നാഗപട്ടണത്ത് കെട്ടിടം തകർന്ന് എട്ടുപേർ മരിച്ചു
text_fieldsകോയമ്പത്തൂർ: നാഗപട്ടണത്തിന് സമീപം പൊരയാർ പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന വർക്ഷോപ് കെട്ടിടം തകർന്നുവീണ് എട്ട് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ജീവനക്കാർ മരിച്ചു. ഇതിൽ ഏഴുപേർ ബസ് ഡ്രൈവർമാരും ഒരാൾ കണ്ടക്ടറുമാണ്. 17 പേർക്ക് പരിക്കേറ്റു.
മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഡ്രൈവർമാരായ നാഗപട്ടണം സെമ്മണാർകോവിൽ കാളഹസ്തിനാപുരം പ്രഭാകരൻ (52), ബാലു (49), കീഴയൂർ ചന്ദ്രശേഖർ (35), കീഴ്പെരുമ്പള്ളം മുനിയപ്പൻ (42), തിരുവാരൂർ തിരുകുവളൈ അൻപരശൻ (39), കാരക്കാൽ ധനപാൽ (48), വടക്കട്ടളൈ മണിവണ്ണൻ (50), കണ്ടക്ടറായ മേലയൂർ രാമലിംഗം (55) എന്നിവരാണ് മരിച്ചത്. ബസ്സ്റ്റാൻഡിനോട് ചേർന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷെൻറ അധീനതയിലുള്ള ഇരുനില കെട്ടിടത്തിലാണ് പതിവായി ജീവനക്കാർ വിശ്രമിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഡിപ്പോ മെക്കാനിക്കുകളും മറ്റുമായി 17 പേർ ഒന്നാം നിലയിലും മരിച്ച എട്ടുപേർ താഴത്തെ നിലയിലും കിടന്നുറങ്ങുകയായിരുന്നു. പുലർച്ച മൂന്നേകാലിന് കെട്ടിടത്തിെൻറ മേൽക്കൂര തകർന്നുവീഴുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് എട്ടുജീവനക്കാരും മരിച്ചത്. ഒന്നാംനിലയിൽ ഉണ്ടായിരുന്ന 17 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസും ഫയർഫോഴ്സും ചേർന്ന് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.