മന്ത്രിയുടെ വിജയാഘോഷയാത്രക്ക് വാഹനം തടഞ്ഞു; ചികിത്സകിട്ടാതെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
text_fieldsഅമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതകുരുക്കിൽപെട്ട് എട്ട് മാസം പ്രായമായ കുട്ടി മരിച്ചു. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ആന്ധ്രാപ്രദേശിലെ അനന്ദ്പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷ ശ്രീചരണിന്‍റെ വിജയാഘോഷ യാത്ര കടന്നുപോകാനായി പൊലീസ് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ കുട്ടിക്ക് കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെട്ടുവെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തി. കുട്ടിയുടെ മരണം മന്ത്രി നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ കുട്ടിയുടെ മാതാപിതാക്കളായ ഗണേഷും ഈശ്വരമ്മയും കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി അനുയായികൾ സംഘടിപ്പിച്ച ഘോഷയാത്ര മൂലം ഗതാഗതം തടസ്സപ്പെട്ടിരുന്നതിനാൽ ആംബുലൻസ് എത്തിയില്ല. ഇതേതുടർന്ന് കുട്ടിയെ ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. എന്നാൽ ഘോഷയാത്രയുടെ നിയന്ത്രണങ്ങൾ കാരണം പൊലീസ് വാഹനം തടയുകയായിരുന്നു. ഒടുവിൽ ഇരുചക്ര വാഹനത്തിൽ കുഞ്ഞിനെ കല്യാൺദുർഗിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മന്ത്രിയുടെ ഘോഷയാത്ര വൈകിയതാണ് മരണത്തിൽ കലാശിച്ചതെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് കല്യാൺദുർഗിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം കൈക്കുഞ്ഞിന്റെ മൃതദേഹവുമായി കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ജാഥയെ പൊലീസ് സഹായിച്ചെന്ന് ടി.ഡി.പി നേതാവും മുൻ മന്ത്രിയുമായ കലവ ശ്രീനിവാസുലു ആരോപിച്ചു.
നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചികിത്സാ അത്യാഹിതങ്ങളിൽ ആളുകളെ സഹായിക്കുകയും ചെയ്യേണ്ടത് പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവം കെട്ടിച്ചമച്ചതാണെന്നും ദമ്പതികൾക്ക് പോകാൻ മറ്റൊരു വഴി ഒരുക്കിയിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്ത് തെറ്റില്ലെന്നും അധികൃതർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.