നിതി ആയോഗ് യോഗം: 10 മുഖ്യമന്ത്രിമാർ എത്തിയില്ല, മോദിക്കെതിരായ പ്രതിഷേധവുമായി എവിടെ വരെ പോകുമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽനിന്ന് കേരളം അടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വിട്ടുനിന്നു. സഹകരണ ഫെഡറലിസം തമാശയാക്കുന്നവിധം ഫോട്ടോയെടുക്കൽ പരിപാടി മാത്രമാക്കി ഇത്തരം സുപ്രധാന വേദിയെ മാറ്റുന്നതിലെ പ്രതിഷേധം ബഹിഷ്കരണത്തിലേക്ക് നയിച്ചു. പിണറായി വിജയൻ (കേരളം), മമത ബാനർജി (പശ്ചിമ ബംഗാൾ), നിതീഷ് കുമാർ (ബിഹാർ), അശോക് ഗെഹ്ലോട്ട് (രാജസ്ഥാൻ), എം.കെ. സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കെജ്രിവാൾ (ഡൽഹി), ചന്ദ്രശേഖര റാവു (തെലങ്കാന), ഭഗവന്ത്സിങ് മാൻ (പഞ്ചാബ്), സിദ്ധരാമയ്യ (കർണാടക), നവീൻ പട്നായിക് (ഒഡിഷ) എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്.
പ്രധാനമന്ത്രിക്കു പുറമെ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർ, പ്രമുഖ കേന്ദ്രമന്ത്രിമാർ എന്നിവർ അടങ്ങുന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ വർഷത്തിലൊരിക്കൽ മാത്രമാണ് പൊതുവേ സമ്മേളിക്കുക. അതിൽനിന്ന് വിട്ടുനിൽക്കുന്നത് കേന്ദ്രസമീപനങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അതൃപ്തിയുടെ ആഴം പ്രതിഫലിപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നാണ് കേരള, ഒഡിഷ മുഖ്യമന്ത്രിമാർ കാരണമായി പറഞ്ഞത്. പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് പശ്ചിമ ബംഗാൾ, ഡൽഹി, ബിഹാർ മുഖ്യമന്ത്രിമാർ വെട്ടിത്തുറന്നുപറഞ്ഞു. നാലു കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ രണ്ടു പേർ എത്തിയപ്പോൾ ആരോഗ്യകാരണങ്ങളാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിരക്കിലായിരുന്നു സിദ്ധരാമയ്യ. സംസ്ഥാനങ്ങളുടെ അവകാശം കേന്ദ്രം മാനിക്കുന്നില്ലെന്ന് യോഗത്തിൽ ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ കുറ്റപ്പെടുത്തി. മോദിക്കെതിരായ പ്രതിഷേധവുമായി എവിടെ വരെ പോകുമെന്ന ചോദ്യമാണ് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.