ജയിൽചാടിയ എട്ട് സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി
text_fieldsഭോപാല്‍: അതീവസുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ചശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്ന് നഗരപരിധിക്കു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. ഞായറാഴ്ച അര്‍ധരാത്രിക്കും പുലര്‍ച്ചെ രണ്ടിനുമിടയിലാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തിരച്ചിലിനിടെ ഭോപ്പാല്‍ അതിര്‍ത്തി പ്രദേശമായ മലിഖേഡയില്‍ വെച്ച് ഏറ്റുമുട്ടലിലാണ് തടവുകാര്‍ കൊല്ലപ്പെട്ടതെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. നിരോധിത സിമി പ്രവര്‍ത്തകരായ അംജദ് ഖാന്‍, സാക്കിര്‍ ഹുസൈന്‍ സാദിഖ്, മുഹമ്മദ് സാലിഖ്, മുജീബ് ശൈഖ്, മഹ്ബൂബ് ഗുഡു, മുഹമ്മദ് ഖാലിദ് അഹ്മദ്, അഖീല്‍, മജീദ്് എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹ്ബൂബ് വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 31ാം പ്രതിയാണെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്‍ രമാശങ്കര്‍ യാദവിനെയാണ് സ്പൂണുകളും പാത്രങ്ങളും ഉപയോഗിച്ച് ജയില്‍ ചാടിയവര്‍ കൊലപ്പെടുത്തിയതായി പറയുന്നത്. ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് ജയിലിലെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് ഭോപ്പാല്‍ ഡി.ഐ.ജി രാമന്‍ സിങ് അറിയിച്ചു. ജയില്‍ പരിസരം ദീപാവലി ആഘോഷത്തില്‍ മുങ്ങിയ സമയത്താണ് ജയില്‍ ചാട്ടം ആസൂത്രണം ചെയ്തത്. എന്നാല്‍, പൊലീസ് വെടിവെപ്പിനെ സംശയത്തിലാക്കുന്ന ദൃശ്യങ്ങള്‍ ഒരു ടി.വി ചാനല്‍ പുറത്തുവിട്ടു. പൊലീസുകാരന്‍ തൊട്ടടുത്ത് നിന്ന് ഒരാള്‍ക്കുനേരെ തുരുതുരാ നിറയൊഴിക്കുന്നതിന്‍െറ ദൃശ്യമാണ് ചാനല്‍ കാണിച്ചത്. കൊല്ലപ്പെട്ടയാളുടെ വയറിന്‍െറ ഭാഗത്തു നിന്ന് കത്തി പോലെ തോന്നിക്കുന്ന വസ്തു ഒരു പൊലീസുകാരന്‍ വലിച്ചൂരുന്നതായും ഇത് തിരിച്ച് വെക്കുന്നതായും വീഡിയോവില്‍ കാണിക്കുന്നുണ്ട്. ഇതിനുശേഷമാണ് പൊലിസ് വെടിവെപ്പ് നടത്തുന്നതായി ദൃശ്യത്തില്‍ കാണുന്നത്.
എന്നാല്‍, ജയില്‍ചാടിയവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ഭോപ്പാല്‍ പൊലീസ് പറഞ്ഞു. വ്യാജ ഏറ്റുമുട്ടല്‍ ആരോപണം തള്ളിയ പൊലീസ് എതിര്‍ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് തിരിച്ചടി നല്‍കിയപ്പോഴാണ് എട്ടുപേര്‍ കൊല്ലപ്പെട്ടതെന്നും അറിയിച്ചു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണത്തിന് പ്രതികരണമായി ഐ.ജി. യോഗേഷ് ചൗധരിയാണ് ഇങ്ങനെ പറഞ്ഞത്. ജയില്‍ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഏറ്റുമുട്ടലിന്‍െറ കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര വകുപ്പ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര വകുപ്പ് മധ്യപ്രദേശ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. ജയില്‍ സുപ്രണ്ട് അഖിലേഷ് തോമറടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.