ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം; മൂന്നുപേർക്ക് പരിക്ക്
text_fieldsഹൈദരാബാദ്: നിസാമാബാദ് ജില്ലയിൽ ചാർജിങ്ങിനിടെ വൈദ്യുതി സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. 80 വയസ്സുള്ള ബി. രാമസ്വാമിയാണ് മരിച്ചത്.
ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ വേർപെടുത്താവുന്ന ബാറ്ററി മുറിയിൽ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. സ്കൂട്ടർ നിർമാതാക്കളായ പ്യുവർ ഇ.വിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
സമീപകാലത്തായി ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. പത്തോളം സംഭവങ്ങൾ ഈയിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിൽ ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന 20 ഇലക്ട്രിക് സ്കൂട്ടറുകൾ കഴിഞ്ഞയാഴ്ച കത്തിനശിച്ചിരുന്നു. ജിതേന്ദ്ര ഇ.വി എന്ന കമ്പനിയുടെ സ്കൂട്ടറുകളാണ് കത്തിനശിച്ചത്. മാർച്ച് 26ന് ഒലയുടെ എസ്1 പ്രൊ സ്കൂട്ടറിന് പൂനയിൽ തീപിടിച്ചിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ച് 13കാരിയും പിതാവും മരിച്ചിരുന്നു. ബാറ്ററി ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങുന്നതിനിടെയായിരുന്നു അപകടം.
തീപിടിത്ത സംഭവങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നത് കുതിപ്പ് നടത്താനൊരുങ്ങുന്ന ഇലക്ട്രിക് വാഹന മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 1,34,821 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2021-22ൽ 4,29,417 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.