യുദ്ധഭൂമിയിൽനിന്നും നാട്ടിലെത്തിച്ചത് 800 വിദ്യാർഥികളെ; 24കാരിക്ക് കൈയടിച്ച് രാജ്യം
text_fieldsശ്വേതക്ക് ഓഫിസിൽനിന്നും കോൾ വരുമ്പോൾ സമയം രാത്രിയായിരുന്നു. ജോലിക്ക് റിപ്പോർട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാൻ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്.
കൊൽക്കത്തയിലെ ന്യൂടൗൺ പരിസരത്തുള്ള 24കാരിയായ മഹാശ്വേത ചക്രബോർത്തിയെ അധികമാർക്കും പരിചയം കാണില്ല. എന്നാൽ പൈലറ്റായ, യുക്രെയ്നിൽനിന്നും ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രവർത്തിച്ച മഹാശ്വേത ചക്രബോർത്തിയാണ് ഇപ്പോൾ മിന്നും താരമായിരിക്കുന്നത്. പോളിഷ്, ഹംഗേറിയൻ അതിർത്തികളിലൂടെ 800 ഇന്ത്യൻ വിദ്യാർഥികളെയാണ് ശ്വേത നാട്ടിലെത്തിച്ചത്. നാല് വിമാനങ്ങൾ പോളണ്ടിൽനിന്നും രണ്ട് വിമാനങ്ങൾ ഹംഗറിയിൽ നിന്നുമാണ് ശ്വേത പറത്തിയത്.
കൗമാരത്തിന്‍റെ അവസാനത്തിലും, ഇരുപതുകളുടെ തുടക്കത്തിലുമുള്ള വിദ്യാർഥികളെ രക്ഷിക്കാനായത് ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്ന് ശ്വേത പറഞ്ഞു. രക്ഷപ്പെടുത്തിയ വിദ്യാർഥികളിൽ പലർക്കും രോഗം ബാധിച്ചിരുന്നു. അവർക്ക് പറയാൻ അതിജീവനത്തിന്‍റെ കഥകളുണ്ടായിരുന്നെന്നും ശ്വേത ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിദ്യാർഥികളുടെ പോരാട്ട വീര്യവും മനസാന്നിദ്ധ്യവും പ്രശംസനീയമാണെന്നും, പോരാളികളെ തിരികെ വീട്ടിലെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശ്വേത പറയുന്നു.
ഇൻഡിഗോ വിമാനങ്ങളാണ് രക്ഷാപ്രവർത്തന യജ്ഞത്തിൽ കൂടുതലായും പങ്കെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 77 വിമാനങ്ങളാണ് ഇന്ത്യ ഓപ്പറേഷൻ ഗംഗക്കായി ഉപയോഗിച്ചത്. എയർ ഇന്ത്യയിലൂടെ ദൗത്യം ആരംഭിക്കുകയും പിന്നീട് സ്പൈസ് ജെറ്റ്, ഇൻഡിഗോ മുതലായ വിമാനക്കമ്പനികളും ദൗത്യത്തിൽ പങ്കുചേരുകയുമായിരുന്നു.
ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉദ്ദാൻ അക്കാദമിയിൽ നിന്നുമാണ് ശ്വേത ബിരുദം പൂർത്തിയാക്കിയത്. കോവിഡ്-19ന്‍റെ ആദ്യ ഘട്ടങ്ങളിൽ നടപ്പാക്കിയ വന്ദേഭാരതിലും പങ്കാളിയായിരുന്നു ശ്വേത. കോവിഡ് വ്യാപനം ക്രമാതീതമായി ഉയർന്ന സമയത്ത് വിദേശത്തുനിന്ന് ഓക്സിജൻ കോൺട്രാക്ടർ മെഷീനുകൾ കൊൽക്കത്തയിലേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.