ലാൻഡിങ്ങിനിടെ വിമാനം തകർന്നു; നഷ്ടപരിഹാരമായി പൈലറ്റ് 85 കോടി നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ
text_fieldsലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിെൻറ പൈലറ്റിന് മധ്യപ്രദേശ് സർക്കാർ പിഴ ചുമത്തിയത് 85 കോടി രൂപ. വിമാനത്തിെൻറ വിലയും പകരം വാടകക്കെടുത്ത വിമാനത്തിെൻറ ചെലവുമടക്കമാണ് 85 കൂടിയുടെ ബിൽ പൈലറ്റിന് ലഭിച്ചത്.
2021 മെയ് മാസത്തിൽ ഗോളിയോർ വിമാനതാവളത്തിലാണ് അപകടമുണ്ടായത്. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുമായി അഹമ്മദാബാദിൽ നിന്ന് ഗോളിയോറിലെത്തിയതായിരുന്നു മധ്യപ്രദേശ് സർക്കാറിെൻറ ചെറുവിമാനം. റംഡിസിവിർ മരുന്നുകളുമായി വന്ന വിമാനത്തിലുണ്ടായിരുന്നത് പൈലറ്റ് മാജിദ് അക്തറും കോ പൈലറ്റ് ശിവ് ജയ്സാലും ഒരു സർക്കാർ ജീവനക്കാരനുമാണ്. കോവിഡ് വ്യാപനത്തിനിടെ സന്നദ്ധതയോടെ ജോലി എടുത്തതിന് പ്രശംസ കിട്ടിയവരായിരുന്നു മൂന്ന് പേരും.
ലാൻഡിങ്ങിനിടെ 'അറസ്റ്റർ ബാരിയറിൽ' കുരുങ്ങിയ വിമാനത്തിന് കാര്യമായ കേടുപാടുകൾ പറ്റിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.
എയർ ട്രാഫിക് കൺട്രോളർ, അവിടെ അറസ്റ്റ് ബാരിയർ ഉണ്ടായിരുന്ന വിവരം നൽകിയിരുന്നില്ലെന്നാണ് പൈലറ്റ് മാജിദ് അക്തർ പറയുന്നത്. വിമാനത്തിനുണ്ടായ നഷ്ടം നികത്താനുള്ള ഇൻഷുറൻസും എടുത്തിരുന്നില്ല. ആവശ്യമായ ഇൻഷുറൻസ് ഇല്ലാതെ വിമാനം പറത്താൻ അനുമതി നൽകിയത് എന്തിനായിരുന്നുവെന്ന് മാജിദ് അക്തർ ചോദിക്കുന്നു. എന്നാൽ, സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അപകടം നടന്നയുടനെ പൈലറ്റിെൻറ ലൈസൻസ് ഒരു വർഷത്തേക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ സസ്പെൻറ് ചെയ്തിരുന്നു. അപകടത്തിന് ശേഷം ലൈസൻസ് സാധുവായി നിലനിർത്തുന്നതിൽ പൈലറ്റ് പരാജയപ്പെട്ടുവെന്നും മധ്യപ്രദേശ് സർക്കാർ മാജിദ് അക്തറിന് നൽകിയ കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ, അത് ഒരു സാധാരണ നടപടി മാത്രമാണെന്നും നിരവധി പേരുടെ ലൈസൻസ് ഇത്തരത്തിൽ സസ്പെൻറ് ചെയ്യപ്പെടാറുണ്ടെന്നും പിന്നീട് സസ്പെൻഷൻ ഒഴിവാക്കുമെന്നും മാജിദ് അക്തർ പറയുന്നു.
65 കോടിയോളം രൂപ മുടക്കി മധ്യപ്രദേശ് സർക്കാർ വാങ്ങിയ വിമാനമാണ് തകർന്നത്. വിമാനത്തിന് 60 കോടിയും പകരം മറ്റ് വിമാനങ്ങൾ വാടകക്കെടുത്ത വകയിൽ 25 കോടിയും ചേർത്ത് 85 കോടി പൈലറ്റ് നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.
സംഭവത്തെ കുറിച്ച് ഡി.ജിസി.എ നടത്തുന്ന അന്വേഷണം അവസാനിച്ചിട്ടില്ല. ഡി.ജി.സി.എ അന്വേഷണം പൂർത്തിയാകുന്നതിന് മുന്നെ തന്നെ കുറ്റക്കാരനാക്കരുതെന്നാണ് പൈലറ്റ് മാജിദ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.