വോട്ടുചെയ്യുന്നത് നിർബന്ധമാക്കൽ: 86 ശതമാനംപേർ അനുകൂലമെന്ന് സർവേ
text_fieldsന്യൂഡൽഹി: 86 ശതമാനം പേരും വോട്ടുചെയ്യുന്നത് നിർബന്ധമാക്കണമെന്ന് ആഗ്രഹിക്കുന്നതായി സർവേ ഫലം. 12ാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പുറത്തിറക്കിയ സർവേയിലാണ് ഇക്കാര്യമുള്ളത്.
ആപ്പ് വഴി നാല് ലക്ഷത്തിലധികം പേരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പ്രതികരിച്ചവരിൽ 80 ശതമാനത്തിലധികം പേർ നിലവിലെ വോട്ടിങ് പ്രക്രിയയെ വിശ്വസിക്കുന്നതായി കണ്ടെത്തി. ജനുവരി 25-നാണ് രാജ്യം ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്തമാകുന്നതും എല്ലാവർക്കും പങ്കാളിത്തമുള്ളതുമാക്കി മാറ്റുന്നു എന്നതാണ് ഇക്കുറിയത്തെ ആപ്തവാക്യം.
രാജ്യത്ത് വോട്ടിങ് നിർബന്ധമാക്കണോ എന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 86 ശതമാനം പേർക്കും വേണമെന്നാണ് ഉത്തരം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേർ 30 വയസ്സിന് താഴെയുള്ളവരാണ്.
81 ശതമാനം പേരും നിലവിലെ വോട്ടിങ് പ്രക്രിയയുടെ സുതാര്യതയിൽ വിശ്വസിക്കുന്നു.വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പ്രധാനം വോട്ടിങ്ങിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനമാണെന്ന് 34 ശതമാനം പേർ പ്രതികരിച്ചു. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും വിശദമായി പഠിച്ചാണ് വോട്ട് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നാണ് 31 ശതമാനം പേരുടെ പ്രതികരണം. മറ്റൊരു നഗരത്തിൽ ആയതിനാലാണ് വോട്ട് ചെയ്യാത്തതെന്നാണ് 30.04 ശതമാനം പേരും പ്രതികരിച്ചത്. 56.3 ശതമാനം പേർ തങ്ങളുടെ വോട്ടവകാശം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിനെപ്പറ്റി വിവരം ഇല്ലായിരുന്നു (5.22 ശതമാനം), ഒരു പാർട്ടിയെയും പിന്തുണച്ചില്ല (7.19 ശതമാനം), മടിയായി / ശ്രദ്ധിച്ചില്ല (1.27 ശതമാനം) എന്നൊക്കെയാണ് മുൻകാലങ്ങളിൽ വോട്ട് ചെയ്യാതിരുന്നതിന് കാരണം പറഞ്ഞത്. സർവേയിൽ പങ്കെടുത്തവരിൽ 79.5 ശതമാനം പേരും ജീവിതകാലത്ത് ഒരിക്കലെങ്കിലും വോട്ട് ചെയ്യുമെന്ന് ഉറപ്പിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.