രണ്ടാംഘട്ടത്തിൽ 89 സീറ്റ്; പ്രതിപക്ഷ മേൽക്കൈ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം തീർന്നത് കേരളത്തിലെ 20 അടക്കം 89 മണ്ഡലങ്ങളിൽ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജനതദൾ-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, രാജസ്ഥാൻ മുൻമുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട്, ലോക്സഭ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് എന്നിവർ മത്സരിക്കുന്നവരിൽ പ്രമുഖർ. ഭരണ-പ്രതിപക്ഷ ബലാബലം ഒപ്പത്തിനൊപ്പമായിരുന്നു ആദ്യഘട്ടത്തിലെങ്കിൽ, പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം അവകാശപ്പെടാവുന്ന സാഹചര്യമാണ് രണ്ടാംഘട്ടത്തിൽ.
13 സംസ്ഥാനങ്ങളിലായാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, അസം എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടും. അസം-5, ബിഹാർ-5, ഛത്തിസ്ഗഢ്-3, കർണാടക-14, കേരളം -20, മഹാരാഷ്ട്ര-8, മധ്യപ്രദേശ്-7, മണിപ്പൂർ-1, രാജസ്ഥാൻ-13, ത്രിപുര-1, യു.പി-8, പശ്ചിമ ബംഗാൾ-3, ജമ്മുകശ്മീർ-1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
കേരളത്തിൽ വയനാട്, തിരുവനന്തപുരം, തൃശൂർ എന്നിവ താരമണ്ഡലങ്ങൾ. കർണാടകയിൽ ബംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നു.
കർണാടകയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനും സിറ്റിങ് എം.പിയുമായ ഡി.കെ. സുരേഷിനോട് ബാംഗ്ലൂർ റൂറലിൽ കൊമ്പുകോർക്കുന്നത് എൻ.ഡി.എയുടെ സി.എൻ. മഞ്ജുനാഥ്. ബംഗളൂരു നോർത്തിൽ ബി.ജെ.പിയുടെ ശോഭ കരന്തലാജെ, സെൻട്രലിൽ കോൺഗ്രസിലെ മൻസൂർ അലി ഖാൻ, സൗത്തിൽ ബി.ജെ.പിയുടെ തേജസ്വി സൂര്യ എന്നിവർ പ്രമുഖ താരങ്ങൾ. മാണ്ഡ്യയിൽ ജനതദൾ-എസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, മൈസൂരുവിൽ എൻ.ഡി.എയുടെ യദുവീർ വഡിയാർ എന്നിവർ മത്സരിക്കുന്നു.
ലോക്സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ മൂന്നാമൂഴം തേടുന്നു. ജാലോറിൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് മത്സരിക്കുന്നു. ബി.ജെ.പിയിൽ വിമത നേതാവായി മാറിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ കോട്ടയാണ് ജാലോർ. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് മത്സരിക്കുന്ന ജോധ്പൂരും താരമണ്ഡലം. ഛത്തിസ്ഗഢിലെ രാജ്നന്ദൻഗാവിൽ മുൻ മുഖ്യമന്ത്രി ഭൂപേഷ്സിങ് ബാഘേൽ, ബി.ജെ.പിയുടെ സന്തോഷ് പാണ്ഡെയെ നേരിടുന്നു.
യു.പിയിലെ മഥുരയിൽ ഹേമമാലിനി, മീററ്റിൽ അരുൺ ഗോവിൽ എന്നിവർ ബി.ജെ.പി സ്ഥാനാർഥികൾ. ഗാസിയാബാദിൽ ഇൻഡ്യയുടെ ഡോളി ശർമയും ബി.ജെ.പിയുടെ അതുൽ ഗാർഗും ഏറ്റുമുട്ടുന്നു. ബിഹാറിലെ കതിഹാറിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എൻ.ഡി.എയിലെ ദുലാൽ ചന്ദ്ര ഗോസ്വാമിയെ നേരിടുന്നു. കിഷൻഗഞ്ചിൽ ഇൻഡ്യ സ്ഥാനാർഥി മുഹമ്മദ് ജാവേദ്, എൻ.ഡിഎയിലെ മുജാഹിദ് ആലവുമായി ഏറ്റുമുട്ടുന്നു. ഭഗൽപൂരിൽ ഇൻഡ്യയുടെ അജിത് ശർമയുമായി ഏറ്റുമുട്ടുന്നത് എൻ.ഡി.എയുടെ അജയ്കുമാർ മണ്ഡൽ.
പശ്ചിമ ബംഗാളിലെ ബലൂർഘട്ടിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറും തൃണമൂൽ കോൺഗ്രസിലെ ബിപ്ലവ് മിത്രയും തമ്മിലാണ് പോരാട്ടം. ഡാർജിലിങ്ങിൽ ബി.ജെ.പിയുടെ രാജു ബിസ്ത, തൃണമൂൽ കോൺഗ്രസിന്റെ ഗോപാൽ ലാമ, കോൺഗ്രസിന്റെ മുനീഷ് തമാങ് എന്നിവർ കൊമ്പുകോർക്കുന്നു.
മഹാരാഷ്ട്രയിൽ ശരദ്പവാറിന്റെ ശക്തികേന്ദ്രമായ അമരാവതിയിൽ ബി.ബി വാങ്കഡെയാണ് ഇൻഡ്യ സ്ഥാനാർഥി. നാന്ദേഡിൽ ഇൻഡ്യയുടെ വസന്ത്റാവും ചവാനും എൻ.ഡി.എയുടെ പ്രതാപ് റാവു ചിഖലികറും ഏറ്റുമുട്ടുന്നു. അസമിലെ കരീംഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥി റാഷിദ് അഹ്മദ് ചൗധരി, നവ്ഗോങ്ങിൽ എ.ഐ.യു.ഡി.എഫിലെ അമീനുൽ ഇസ്ലാം എന്നിവരുടെ മത്സരം ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.