കനത്ത മഴ: യു.പിയിൽ മതിലുകൾ തകർന്നുവീണ് 13 മരണം
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ കനത്ത മഴയിൽ മൂന്നിടങ്ങളിലായി മതിലുകൾ തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. ലഖ്നോവിൽ സൈനിക കേന്ദ്രത്തിന്റെ നിർമാണത്തിലിരിക്കുന്ന ചുറ്റുമതിൽ തകർന്ന് ഒമ്പതു തൊഴിലാളികളും ഉന്നാവ് ജില്ലയിൽ രണ്ടു കുട്ടികളടക്കം നാലുപേരുമാണ് മരിച്ചത്.
ലഖ്നോവിലെ ദിൽകുഷ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ്, മതിലിനടുത്ത് കുടിലുകെട്ടി താമസിച്ചിരുന്ന തൊഴിലാളികൾക്കു മേൽ മതിൽ തകർന്നുവീണത്. ഒമ്പതു തൊഴിലാളികൾ മതിലിനടിയിൽപെട്ട് സംഭവസ്ഥലത്തുതന്നെ മരിച്ചതായി ജോയന്റ് കമീഷണർ പിയൂഷ് മോർദിയ അറിയിച്ചു. ''കരസേന താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നായിരുന്നു ചില തൊഴിലാളികൾ താമസിച്ചിരുന്നത്. കനത്ത മഴയിൽ മതിൽ കുടിലുകൾക്കുമേൽ പൊളിഞ്ഞുവീഴുകയായിരുന്നു'' -മോർദിയ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഒരാളെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഝാൻസി ജില്ലയിൽനിന്നുള്ളവരാണ് മരിച്ചവർ. ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. ഉന്നാവിലെ കാന്തയിൽ സഹോദരങ്ങളായ മൂന്നുപേരും ചാന്ദ്പൂരിൽ ഒരാളുമാണ് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ദുരന്തത്തിൽ അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.